ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച കേസ് പോലീസും ജയിലധികൃതരും കെട്ടിചമച്ചതെന്ന് അഡ്വ. ആളൂര്‍
വിചാരണത്തടവുകാരിയായി കഴിയുന്ന ജോളി 2020 ഫെബ്രുവരിയില്‍ കയ്യിലെ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു എന്നാണ് കേസ്
കൂടത്തായ് കൂട്ടക്കൊലക്കേസിലെ പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച കേസ് പോലീസും ജയിലധികൃതരും കെട്ടിചമച്ചതെന്ന് അഭിഭാഷകന്‍. ജോളിയുടെ ആത്മഹത്യക്കേസിലെ വിടുതല്‍ ഹര്‍ജി പരിഗണിക്കുന്നതിനിടയിലായിരുന്നു അഭിഭാഷകന്‍ ആളൂരിന്‍റെ വാദം. സമന്‍സ് കേസില്‍ വിടുതല്‍ ഹര്‍ജി നിലനില്‍ക്കില്ലെന്ന് സ്പെഷല്‍ പ്രോസിക്യൂട്ടര്‍ വാദിച്ചു. കോഴിക്കോട് ജില്ലാജയിലില്‍ ആറ് കൊലപാതകക്കേസുകളില്‍ വിചാരണത്തടവുകാരിയായി കഴിയുന്ന ജോളി 2020 ഫെബ്രുവരിയില്‍ കയ്യിലെ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു എന്നാണ് കേസ്. ഞരമ്പ് മുറിക്കാന്‍ ഉപയോഗിച്ചു എന്ന് പറയുന്ന ആയുധം കണ്ടെത്തിയിട്ടില്ല. എന്തോ വസ്തുകൊണ്ടുള്ള മുറിവാണ് എന്നാണ് ഡോക്ടര്‍മാരുടെ സ്റ്റേറ്റ്മെന്‍റ്.
കൈതരിക്കുന്ന അസുഖമുണ്ടെന്ന കാര്യം നേരത്തെ തന്നെ കോടതിയെ ജോളി അറിയിച്ചതാണ്. തെളിവ് കണ്ടെത്താനാകാത്ത കേസില്‍ മൂന്ന് മൊഴികഴികളും ഒരു മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും മാത്രമേ ഉള്ളൂ എന്നും ആളൂര്‍ വാദിച്ചു. ജയിലില്‍ വെച്ച് മറ്റെങ്ങനെയോ മുറിവേറ്റത് മറ്റ് കേസുകള്‍ക്ക് ബലം പകരാനായി ജയിലധികൃതരും പോലീസ് ആത്മഹത്യ ശ്രമമാക്കി മാറ്റിയതാണ്.
സി ആര്‍ പി സി 239 പ്രകാരമാണ് ജോളിയുടെ അഭിഭാഷകന്‍ കേസില്‍ വിടുതല്‍ ഹര്‍ജി നല്കിയത്. എന്നാല്‍ ഒരു വര്‍ഷം മാത്രം ശിക്ഷ കിട്ടുന്ന സമന്‍സ് കേസായതിനാല്‍ വിടുതല്‍ ഹര്‍ജി നിലനില്‍ക്കില്ലെന്നായിരുന്നു സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജെഫ്രി ജോര്‍ജ്ജ് ജോസഫിന്‍റെ വാദം . ഈ മാസം 28ന് കേസ് വീണ്ടും പരിഗണിക്കും.