എറണാകുളത്ത് കോവിഡ് അതിതീവ്ര വ്യാപനത്തിലേക്ക്; ടിപി ആര്‍ 50 കടന്നു
പരിശോധിക്കുന്നതില്‍ പകുതി ആളുകള്‍ക്കും രോഗം സ്ഥിരീകരിക്കുകയാണ്
എറണാകുളം ജില്ലയില്‍ കോവിഡ് അതിതീവ്രവ്യാപനത്തിലേക്ക് കടന്നു. ജില്ലയില്‍ പരിശോധിക്കുന്നതില്‍ പകുതി ആളുകള്‍ക്കും രോഗം സ്ഥിരീകരിക്കുകയാണ്. രോഗവ്യാപനം കൂടിയ ഇടങ്ങളില്‍ തിങ്കളാഴ്ച മുതല്‍ നിയന്ത്രണം ശക്തമാക്കാനാണ് ജില്ല ഭരണകൂടത്തിന്റെ തീരുമാനം.
ജില്ലയില്‍ ഇന്നലെ 14431 സാമ്പിളുകള്‍ പരിശോധിച്ചപ്പോള്‍ 7339 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. 50.86 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. വ്യാഴാഴ്ച ജില്ലയില്‍ 9605 പേര്‍ക്കായിരുന്നു കോവിഡ് സ്ഥിരീകരിച്ചത്. 45 ശതമാനമായിരുന്നു ടിപിആര്‍. കഴിഞ്ഞ ഒരാഴ്ചയായി ജില്ലയിലെ ടി പി ആര്‍ 30 ശതമാനത്തിന് മുകളിലാണ്. 33873 പേരാണ് നിലവില്‍ ജില്ലയില്‍ ചികിത്സയിലുള്ളത്.
വരും ദിവസങ്ങളിലും ടിപിആര്‍ ഉയരാനാണ് സാധ്യത. കോവിഡ് വ്യാപനം രൂക്ഷമായ ഇടങ്ങളില്‍ തിങ്കളാഴ്ച മുതല്‍ പ്രത്യേകമായ നിയന്ത്രങ്ങള്‍ കൊണ്ടുവരാനാണ് ജില്ലാ ഭരണകൂടം ആലോചിക്കുന്നത്. ആശുപത്രികളിലെ സൗകര്യങ്ങളും ജില്ലാ ഭരണകൂടം വിലയിരുത്തുന്നുണ്ട്. ഉയര്‍ന്ന ടിപിആര്‍ രേഖപ്പെടുത്തുമ്പോഴും ആശുപത്രികളില്‍ ചികിത്സ തേടേണ്ട രോഗികളുടെ എണ്ണം കുറവാണെന്നത് ആശ്വാസം നല്‍കുന്നുണ്ട്.
ഗ്രാമപ്രദേശങ്ങളിലടക്കം കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താന്‍ പരിശോധന കര്‍ശനമാക്കും. ഇതിനായി 40 സെക്ടറല്‍ മജിസ്‌ട്രേറ്റര്‍മാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.