കോഴിക്കോട് മെഡിക്കൽ കോളജ് പീഡനം: മൊഴി നൽകിയ നഴ്‌സിനു ഭീഷണി, അന്വേഷണം
എൻ.ജി.ഒ യൂനിയൻ നേതാവാണ് ഭീഷണിപ്പെടുത്തിയതെന്നാണ് പരാതി
കോഴിക്കോട്: മെഡിക്കൽ കോളജിൽ ശസ്ത്രക്രിയ കഴിഞ്ഞ യുവതി പീഡനത്തിനിരയായ സംഭവത്തിൽ മൊഴിനൽകിയ നഴ്‌സിനെ ഭീഷണിപ്പെടുത്തിയതിൽ അന്വേഷണം. അഞ്ചംഗ ആഭ്യന്തര സമിതി പരാതിയിൽ അന്വേഷണം നടത്തും.
യുവതിക്ക് അനുകൂലമായി മൊഴിനൽകിയതിനായിരുന്നു നഴ്‌സിനെതിരെ ഭീഷണി. ഭരണകക്ഷി അനുകൂല എൻ.ജി.ഒ യൂനിയൻ നേതാവാണ് ഭീഷണിപ്പെടുത്തിയതെന്നാണ് പരാതി. ഡോ. ജയേഷിന്‍റെ നേതൃത്വത്തിലുള്ള സമിതിയാണ് അന്വേഷണം നല്‍കുക. അന്വേഷണം നടത്തി നാളെ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
യുവതി പീഡനത്തിനിരയായ സംഭവത്തിൽ ആശുപത്രി അറ്റൻഡറായിരുന്ന വില്യാപ്പള്ളി മയ്യന്നൂർ സ്വദേശി ശശീന്ദ്രനെ(55) പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തിൽ അഞ്ചുപേരെ സസ്‌പെൻഡ് ചെയ്യുകയും ഒരാളെ പിരിച്ചുവിടുകയും ചെയ്തു.
ആശുപത്രിയിൽ തൈറോയ്ഡ് ചികിത്സയ്‌ക്കെത്തിയ 32കാരിയാണ് പീഡനത്തിനിരയായത്. മാർച്ച് 18നായിരുന്നു ഇവരുടെ ശസ്ത്രക്രിയ നടന്നത്. ഇതിനുശേഷം തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. ശസ്ത്രക്രിയയ്ക്കായി നൽകിയിരുന്ന അനസ്‌തേഷ്യയുടെ മയക്കത്തിലിരിക്കെയാണ് ശശീന്ദ്രൻ പീഡിപ്പിച്ചത്.
Summary: A five-member internal committee will conduct an inquiry into the threat to the nurse who testified in the case of the molestation of the woman after surgery in Kozhikode medical college