പാർട്ടി പ്രവർത്തനങ്ങളെ പിന്നോട്ട് വലിക്കുന്നു; ഉമ്മന്‍ ചാണ്ടിക്കും ചെന്നിത്തലക്കുമെതിരെ കെ.പി.സി.സി നേതൃത്വം
യു.ഡി.എഫ് യോഗം ബഹിഷ്കരിച്ച മുതിര്‍ന്ന ഇരുവരും കടുത്ത നിലപാടില്‍ തുടരുന്നതോടെ സംസ്ഥാനത്ത് കോണ്‍ഗ്രസ് നേതാക്കള്‍ തുറന്ന പോരിലേക്ക് നീങ്ങുകയാണ്
ഉമ്മന്‍ ചാണ്ടിക്കും രമേശ് ചെന്നിത്തലക്കും എതിരെ സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം പരാതിയുമായി ഹൈക്കമാന്‍ഡിനെ സമീപിക്കും. പാർട്ടി പ്രവർത്തനങ്ങളെ പിന്നോട്ട് വലിക്കുന്നുവെന്നാണ് പരാതി. യു.ഡി.എഫ് യോഗം ബഹിഷ്കരിച്ച മുതിര്‍ന്ന ഇരുവരും കടുത്ത നിലപാടില്‍ തുടരുന്നതോടെ സംസ്ഥാനത്ത് കോണ്‍ഗ്രസ് നേതാക്കള്‍ തുറന്ന പോരിലേക്ക് നീങ്ങുകയാണ്.
സഹിക്കാനാവാത്ത അവഗണനയെന്നാണ് മുതിര്‍ന്ന നേതാക്കളുടെ നിലപാട്. ഇതാണ് യു.ഡി.എഫ് യോഗം ബഹിഷ്കരിക്കുന്നതിലേക്ക് ഉമ്മന്‍ചാണ്ടിയെയും രമേശ് ചെന്നിത്തലയേയും എത്തിച്ചത്. കാര്യങ്ങള്‍ ഇങ്ങനെയാണെങ്കില്‍ സമാന്തര സംവിധാനമായി മാറേണ്ടി വരുമെന്ന മുന്നറിയിപ്പുമായി ഗ്രൂപ്പുകളും നിലകൊള്ളുന്നു. നെയ്യാറിലെ കെ.പി.സി.സി നേതൃ ക്യാമ്പിലെത്തിയ രമേശ് ചെന്നിത്തലയ്ക്ക് കാഴ്ചക്കാരനായി ഇരിക്കേണ്ടി വന്നു. കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാര്‍ക്ക് ചുമതലകള്‍ വീതിച്ചപ്പോഴും മുതിര്‍ന്ന നേതാക്കളുടെ ഇഷ്ടക്കാരെ തഴഞ്ഞു. തുടങ്ങി നിരവധി പരാതികള്‍ ഗ്രൂപ്പുകള്‍ ഉന്നയിക്കുന്നു.
ഇതോടെ ഗ്രൂപ്പുകള്‍ കടുത്ത തീരുമാനത്തിലേക്ക് നീങ്ങി. ഇതിന് വഴങ്ങേണ്ടതില്ലെന്ന നിലപാടിലാണ് നേതൃത്വം. ഹൈക്കമാന്‍ഡ് ഇടപെടണമെന്നാണ് ആവശ്യം. യു.ഡി.എഫ് യോഗം ബഹിഷ്കരിച്ച മുതിര്‍ന്ന നേതാക്കളുടെ നടപടി തെറ്റാണ്. ഇത് വകവെച്ച് കൊടുക്കേണ്ടതില്ലെന്നാണ് നേതൃത്വത്തിന്‍റെ ഉറച്ച തീരുമാനം. തര്‍ക്കം യു.ഡി.എഫിലേക്ക് വലിച്ചിഴച്ചത് ശരിയായ നടപടിയല്ല. മുതിര്‍ന്ന നേതാക്കളുടെ അനാവശ്യ സമ്മര്‍ദ്ദത്തിന് വഴങ്ങില്ലെന്നും നേതൃത്വം തീരുമാനമെടുത്തു. ഇതിനിടയില്‍ ലീഗ് നേതാവ് പി.കെ കുഞ്ഞാലികുട്ടി ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയുമായി ആശയ വിനിമയം നടത്തി. അപ്പോഴും പരിഗണനയില്ലാത്തയിടത്ത് ഇരിക്കാനാവില്ലെന്ന നിലപാടാണ് ഇരുവരും സ്വീകരിച്ചതെന്നാണ് വിവരം.