കോൺഗ്രസ് പുനസംഘടനാ ചർച്ചകൾ സജീവം; സുധാകരൻ - സതീശൻ തുടർ ചർച്ച തിങ്കളാഴ്ച
ബുധനാഴ്ചയോ വ്യാഴാഴ്ചയോ ഡി.സി.സി ഭാരവാഹികളെയും ബ്ലോക്ക് പ്രസിഡന്‍റുമാരെയും പ്രഖ്യാപിക്കാനാണ് നേതൃത്വത്തിന്‍റെ ശ്രമം
കോണ്‍ഗ്രസ്സ് പുനഃസംഘടനാ ചർച്ചകള്‍ വീണ്ടും സജീവം. കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും പ്രതിപക്ഷനേതാവ് വി ഡി സതീശനുമായുളള ചർച്ചകള്‍ തുടരും. ബുധനാഴ്ചയോ വ്യാഴാഴ്ചയോ ഡി.സി.സി ഭാരവാഹികളെയും ബ്ലോക്ക് പ്രസിഡന്‍റുമാരെയും പ്രഖ്യാപിക്കാനാണ് നേതൃത്വത്തിന്‍റെ ശ്രമം.
തിങ്കളാഴ്ച വീണ്ടും സതീശനും സുധാകരനും ചർച്ച നടത്തും. മൂന്ന് ജില്ലകളിലേക്കുള്ള ഭാരവാഹികളുടെ കാര്യത്തിലാണ് ഇതുവരെ അന്തിമ ധാരണയായത്. ബാക്കി കൂടി ധാരണയാക്കിയ ശേഷം പട്ടിക ഹൈക്കമാൻഡിന് കൈമാറും. അംഗീകാരം വാങ്ങി ബുധനാഴ്ചയോ വ്യാഴാഴ്ചയോ പ്രഖ്യാപനം നടത്താനാണ് ശ്രമം.
വലിയ ജില്ലകളില്‍ ഡിസിസി ഭാരവാഹികളായി 25 പേരും നിർവാഹക സമിതിയിലേക്ക് 26 പേരും ഉണ്ടാവും. ചെറിയ ജില്ലകളില്‍ ഡിസിസി ഭാരവാഹികളായി 15 പേരും നിർവാഹക സമിതിയിലേക്ക് 16 പേരെയും പരിഗണിക്കും. ഹൈക്കമാന്‍ഡ് ഇടപെട്ടതോടെ കരട് പട്ടികയില്‍ ചില്ലറ വിട്ടുവീഴ്ചകള്‍ക്ക് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ തയ്യാറായിട്ടുണ്ട്. പരാതികളെ തുടർന്ന് കടുത്ത നിലപാട് എടുത്ത ഹൈക്കമാൻഡ് സംസ്ഥാന തലത്തില്‍ ഐക്യത്തിന് ധാരണയായതോടെ മയപ്പെട്ടു. പരാതികൾ ഉന്നയിച്ച എല്ലാവരുമായും ചർച്ച നടത്തിയ ശേഷമായിരിക്കും ഭാരവാഹി പട്ടിക അന്തിമമാക്കുക.