കോൺഗ്രസ് പുനസംഘടന; എ.ഐ.സി.സിയെ തള്ളി കെ.പി.സി.സി; മതിയായ ചർച്ച നടന്നതായി സംസ്ഥാന നേതൃത്വം

അന്തിമ പട്ടികയിൽ മാറ്റങ്ങൾക്ക് സാധ്യത

Update: 2022-03-02 01:21 GMT
Editor : Lissy P | By : Web Desk
Advertising

കെ.പി.സി.സി, ഡി.സി.സി ഭാരവാഹികളെ നിശ്ചയിക്കാനുള്ള പട്ടിക തയ്യാറാക്കിയതിൽ അപാകതകളുണ്ടെന്ന എ.ഐ.സി.സി വാദം തള്ളി കെ.പി.സി.സി നേതൃത്വം. മതിയായ ആശയ വിനിമയം നടത്തിയാണ് ചുരുക്ക പട്ടിക തയാറാക്കിയതെന്ന വാദമാണ് കെ. സുധാകരനുള്ളത്. പ്രതിപക്ഷ നേതാവിന്റെ നിർദേശങ്ങൾ കൂടി പരിഗണിച്ച് അന്തിമ പട്ടിക ഉടൻ പ്രസിദ്ധീകരിക്കുമെന്നാണ് സുധാകര പക്ഷത്തിന്റെ നിലപാട്.

എം.പിമാരുടെ പരാതി പരിഗണിച്ച് പുന:സംഘടന നിർത്തിവെച്ച ഹൈക്കമാൻഡ് നടപടിയിൽ കടുത്ത അതൃപ്തിയിലാണ് കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ. ഭാരവാഹികളുടെ കരട് ചുരുക്ക പട്ടികയ്ക്ക് എതിരെ ഉന്നയിക്കപ്പെട്ട ആരോപണങ്ങൾ ശരിയല്ലെന്ന ഉറച്ച നിലപാടിലാണ് സുധാകരനും കെ.പി.സി.സി നേതൃത്വവും. മതിയായ ചർച്ച നടന്നിട്ടില്ലെന്ന വാദത്തെ ഇവർ നിരാകരിക്കുന്നു. എം.പിമാർ, എം.എൽ.എമാർ, ഡി.സി.സി പ്രസിഡന്റുമാർ, മുതിർന്ന നേതാക്കൾ എന്നിവരുമായി വിവിധ തലത്തിൽ കൂടിയാലോചന നടന്നു.

ജില്ലകളുടെ ചുമതലയുള്ള ജനറൽ സെക്രട്ടറിമാർ പ്രാഥമിക പട്ടിക തയ്യാറാക്കിയത് മുതൽ ഇത്തരം ചർച്ചകൾ നടന്നു. കെ.പി.സി.സി അധ്യക്ഷനും എം.പിമാരടക്കമുള്ളവരോട് കൂടിയാലോചിച്ചു. തുടർന്ന് കരട് പട്ടിക തയ്യാറാക്കി പ്രതിപക്ഷ നേതാവിന് പരിശോധനയ്ക്ക് നൽകിയതായും കെ.പി.സി.സി നേതൃത്വം ചൂണ്ടി കാണിക്കുന്നു. അന്തിമ പട്ടികയ്ക്ക് ഗ്രൂപ്പ് മാനദണ്ഡമാക്കിയിട്ടില്ല. യോഗ്യതയും പരിചയസമ്പന്നതയും സംഘടനാപാടവുമായിരുന്നു അടിസ്ഥാനം. പ്രതിപക്ഷ നേതാവിന്റെ നിർദേശങ്ങൾ കൂടി പരിഗണിച്ച് പട്ടിക അന്തിമമാക്കാൻ പോകുന്നതിനിടയിലായിരുന്നു ഹൈക്കമാൻഡ് ഇടപെടലെന്നുമാണ് സുധാകരനൊപ്പമുള്ള നേതാക്കളുടെ വാദം.

പട്ടിക തയാറാക്കിയതിൽ അപാകതകളുണ്ടെന്ന എ.ഐ.സി.സി ജനറൽ സെക്രട്ടറി താരീഖ് അൻവറിന്റെ പ്രസ്താവനയുടെ മുനയൊടിക്കാനും ഈ വിശദീകരണത്തിലൂടെ ഇവർ ലക്ഷ്യം വെക്കുന്നു. എം.പിമാരടക്കമുള്ളവരുമായി ചർച്ച നടത്താനായി പ്രതിപക്ഷ നേതാവിനെ നിയോഗിച്ച നടപടിയിലും കെ.പി.സി.സി അധ്യക്ഷന് വിയോജിപ്പുണ്ട്. അതിനിടെ പുനസംഘടന തടഞ്ഞ ഹൈക്കമാൻഡ് ഇടപെടലിനെ എ.ഗ്രൂപ്പ് നേതാക്കൾ പിന്തുണയ്ക്കുകയാണ്. നിലവിലെ പട്ടികയിൽ കാര്യ പ്രാപ്തിയില്ലാത്തവരെ ഉൾപ്പെടുത്തിയെന്നാണ് എ.ഗ്രൂപ്പിന്റെ വിമർശനം. പ്രതിപക്ഷ നേതാവും കരട് പട്ടികയിൽ തൃപ്തനല്ലെന്നാണ് സൂചനകൾ. ഹൈക്കമാൻഡ് ഇടപെടലോടെ നിലവിൽ തയ്യാറാക്കിയ ഭാരവാഹി പട്ടികയിൽ കാര്യമായ മാറ്റം ഉണ്ടായേക്കും.

Full View

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News