ജാതി സെന്‍സസ് നടപ്പിലാക്കണമെന്ന് കെആര്‍എല്‍സിസി

സംസ്ഥാനത്തിന്‍റെ അധികാരത്തിലും ഉദ്യോഗത്തിലും കേരളത്തിലെ ജാതിസമൂഹങ്ങള്‍ എത്തിച്ചേര്‍ന്നിട്ടുള്ള യഥാര്‍ത്ഥ സ്ഥിതി വിലയിരുത്തപ്പെടേണ്ടത് അനിവാര്യമായിരിക്കുന്നു

Update: 2024-01-31 05:53 GMT
Editor : Jaisy Thomas | By : Web Desk

കെആര്‍എല്‍സിസി

Advertising

കൊച്ചി: സാമൂഹിക നീതിക്കായുള്ള ഭരണഘടനാദത്തമായ സാമുദായിക സംവരണ വിഹിതത്തിനും ജനസംഖ്യാനുപാതികമായ ഭാവാത്മക ക്ഷേമ നടപടികള്‍ക്കും ജനാധിപത്യ രാഷ്ട്രീയ പ്രാതിനിധ്യത്തിനും സര്‍ക്കാര്‍ ഉദ്യോഗങ്ങളില്‍ ഉള്‍പ്പടെ അധികാര ശ്രേണിയിലുള്ള പങ്കാളിത്തത്തിനും അടിസ്ഥാന ഡേറ്റ എന്ന നിലയില്‍ ജാതി സെന്‍സസ് (സാമുദായിക തലത്തില്‍ ജനസംഖ്യാ കണക്കെടുപ്പ്) നടപ്പിലാക്കണമെന്ന് കെആര്‍എല്‍സിസി ആവശ്യപ്പെട്ടു. കേരളത്തില്‍ ജാതി സെന്‍സസ് നടപ്പിലാക്കില്ലെന്ന സംസ്ഥാന സര്‍ക്കാരിന്‍റെ ചീഫ് സെക്രട്ടറിയുടെ സത്യവാങ്ങ്മൂലം സാമൂഹ്യനീതി നിഷേധിക്കുന്നതും വഞ്ചനാപരവുമാണെന്നും കെആര്‍എല്‍സിസി കുറ്റപ്പെടുത്തി. കേരളത്തിലെ രാഷ്ട്രീയപാര്‍ട്ടികള്‍ ഈ വിഷയത്തിലെ അവരുടെ നിലപാടുകള്‍ വ്യക്തമാക്കണമെന്നും കെആര്‍എല്‍സിസി ജനറല്‍ സെക്രട്ടറി ഫാ. തോമസ് തറയില്‍, രാഷ്ട്രീയ കാര്യസമിതി കണ്‍വീനര്‍ ജോസഫ് ജൂഡ് എന്നിവര്‍ ആവശ്യപ്പെട്ടു.

സംസ്ഥാനത്തിന്‍റെ അധികാരത്തിലും ഉദ്യോഗത്തിലും കേരളത്തിലെ ജാതിസമൂഹങ്ങള്‍ എത്തിച്ചേര്‍ന്നിട്ടുള്ള യഥാര്‍ത്ഥ സ്ഥിതി വിലയിരുത്തപ്പെടേണ്ടത് അനിവാര്യമായിരിക്കുന്നു. സാമൂഹികവും ചരിത്രപരവുമായ കാരണങ്ങളാല്‍ സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്ന് അകറ്റിനിര്‍ത്തപ്പെട്ട പിന്നാക്ക വിഭാഗങ്ങള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും ദലിതര്‍ക്കും ആദിവാസികള്‍ക്കും ജനസംഖ്യാനുപാതികമായി അവകാശപ്പെട്ട അധികാര പങ്കാളിത്തം, ജനായത്ത പ്രാതിനിധ്യം, വികസനവിഹിതം, സാമൂഹികനീതി എന്നിവയുടെ നിജസ്ഥിതി വസ്തുനിഷ്ഠമായി വിലയിരുത്തുന്നതിനുള്ള അടിസ്ഥാന രേഖയാണ് ജാതി സര്‍വെ ഡാറ്റ. 1951 മുതല്‍ 2011 വരെ രാജ്യത്തെ പട്ടിക വര്‍ഗ്ഗ പട്ടികജാതി സമൂഹങ്ങളെ സംബന്ധിച്ച വിവരങ്ങള്‍ യഥാകാലം ശേഖരിക്കുകയും പരസ്യപ്പെടുത്തുകയും ചെയ്തിരുന്നു. 2011 ല്‍ ജാതിയുടെ അടിസ്ഥാനത്തില്‍ സമഗ്ര വിവര ശേഖരണം നടത്തിയിട്ടുണ്ടെങ്കിലും അതിന്‍റെ കണ്ടെത്തലുകള്‍ ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല. 1931 ലാണ് അവസാനമായി ജാതി സെന്‍സസ്സ് നടത്തിയിട്ടുള്ളത്. പിന്നിട്ടുള്ള എല്ലാ ജാതി കണക്കുകളും ഈ വിവരത്തിന്‍മേല്‍ മാത്രം ഊഹിച്ചെടുത്തവയാണ്. അതായത് 90 വര്‍ഷക്കാലത്തെ പഴക്കമുള്ള വിവരം അടിസ്ഥാനമാക്കി അനുമാനങ്ങള്‍ നടത്തിയാണ് രാജ്യത്ത് നീതിയും വിഭവങ്ങളും വിതരണം ചെയ്യുന്നതും വികസനം വിന്യസിക്കപ്പെടുന്നതും.

സാമുദായിക സംവരണം എല്ലാ ജനവിഭാഗങ്ങളുടെയും ആനുപാതിക പ്രാതിനിദ്ധ്യത്തിന് വേണ്ടിയുള്ള സംവിധാനമാണ്. എല്ലാ സമുദായങ്ങള്‍ക്കും ജനസംഖ്യാനുപാതീകമായ പ്രാതിനിധ്യം ലഭിക്കുന്നതുവരെ സമുദായസംവരണം തുടരണം. എല്ലാ സമുദായങ്ങള്‍ക്കും ജനസംഖ്യാനുപാതിക പ്രാതിനിധ്യം ഭരണരംഗത്തുണ്ടെങ്കില്‍ മാത്രമേ ജനാധിപത്യം അതിന്‍റെ പൂര്‍ണരൂപത്തില്‍ നടപ്പിലാവുകയുള്ളൂ. അധികാരം, പദവി, സമ്പത്ത് എന്നിവ സ്വാതന്ത്ര്യ പ്രാപ്തിക്കുശേഷം മുക്കാല്‍ ശതാബ്ദം കഴിഞ്ഞിട്ടും ചില ജനവിഭാഗങ്ങളുടെ കയ്യില്‍ മാത്രമായി ഒതുങ്ങിയിരിക്കുകയാണ്. സര്‍ക്കാര്‍ ഉദ്യോഗത്തില്‍ സാമുദായിക പ്രാതിനിധ്യത്തെ സംബന്ധിച്ച സ്ഥിതിവിവര കണക്കുകള്‍ സര്‍ക്കാര്‍ പുറത്തുവിടണം. കേരളത്തിലും സാമുദായിക തലത്തില്‍ ജനസംഖ്യാ കണക്കെടുപ്പ് നടത്തി അധികാര ഉദ്യോഗ വിദ്യാഭ്യാസ സമ്പത്തിക മണ്ഡലങ്ങളില്‍ ജനസംഖ്യാനുപാതികമായി പങ്കാളിത്തം എല്ലാ ജനവിഭാഗങ്ങള്‍ക്കും ഉറപ്പുവരുത്താനുള്ള നടപടികള്‍ എത്രയും വേഗം സര്‍ക്കാര്‍ സ്വീകരിക്കേണ്ടതാണെന്നും കെആര്‍എല്‍സിസി ആവശ്യപ്പെട്ടു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News