ഡീസലടിക്കാൻ കൂട്ടത്തോടെ എത്തി കെഎസ്ആർടിസി ബസുകൾ; റോഡിൽ നീണ്ടനിര
പന്ത്രണ്ട് മണിക്കൂർ ഡ്യൂട്ടി നടപ്പാക്കിയില്ലെങ്കിൽ കെഎസ്ആർടിസി തകർന്നുപോകുമെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താനുള്ള സർക്കാരിന്റെ അജണ്ടയുടെ ഭാഗമാണിതെന്നും ആരോപണം ഉയർന്നിട്ടുണ്ട്
തിരുവനന്തപുരം: തമ്പാനൂർ സെൻട്രൽ ബസ് സ്റ്റേഷന് മുന്നിൽ ഡീസലടിക്കാൻ ബസുകളുടെ നീണ്ടനിര. സബ് ഡിപ്പോകളിൽ നിന്നുള്ള ബസുകൾ റോഡിന്റെ സൈഡിലായി നിർത്തിയിട്ടിരിക്കുകയാണ്. നിലവിൽ സബ് ഡിപ്പോകൾക്ക് പകരം പ്രധാന ഡിപ്പോകളിലാണ് ഡീസലുള്ളത്. മറ്റ് ഡിപ്പോകളിൽ നിന്നുള്ള ബസുകൾ കൂട്ടത്തോടെ എത്തിയതാണ് നീണ്ടനിരക്ക് കാരണമായത്.
ഐഒസി ബോട്ടിലിംഗ് പ്ലാന്റിലെ ചെറിയ തകരാറു മൂലം ഡീസൽ ടാങ്കുകൾ തലസ്ഥാനത്ത് എത്തിയിട്ടില്ല. ഇതാണ് പ്രതിസന്ധിയായത്. അതേസമയം, മനപ്പൂർവം ഡീസൽ പ്രതിസന്ധിയുണ്ടാക്കി യാത്രക്കാരെ വഴിയാധാരമാക്കി കുറ്റം മുഴുവൻ ജീവനക്കാരുടെ തലയിൽ കെട്ടിവെക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് യൂണിയനുകൾ പ്രതികരിച്ചു. പന്ത്രണ്ട് മണിക്കൂർ ഡ്യൂട്ടി നടപ്പാക്കിയില്ലെങ്കിൽ കെഎസ്ആർടിസി തകർന്നുപോകുമെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താനുള്ള സർക്കാരിന്റെ അജണ്ടയുടെ ഭാഗമാണിതെന്നും ആരോപണം ഉയർന്നിട്ടുണ്ട്.