വിദഗ്ധരെ മാത്രം ഉള്‍പ്പെടുത്തി കെ.എസ്.ആര്‍.ടി.സി ഡയറക്ടര്‍ ബോര്‍ഡ് പുനഃസംഘടിപ്പിച്ചു
ഏഴ് ഔദ്യോഗിക അംഗങ്ങളും എട്ട് അനൗദ്യോഗിക അംഗങ്ങളും ഉള്‍പ്പെടെ 15 അംഗങ്ങളുള്ള ഡയറക്ടര്‍ ബോര്‍ഡാണ് നിലവിലുണ്ടായിരുന്നത്.
വിദഗ്ധരെ മാത്രം ഉള്‍പ്പെടുത്തി കെ.എസ്.ആര്‍.ടി.സി ഡയറക്ടര്‍ ബോര്‍ഡ് പുനഃസംഘടിപ്പിച്ചു. കെ.എസ്.ആര്‍.ടി.സിയുടെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു.
ഏഴ് ഔദ്യോഗിക അംഗങ്ങളും എട്ട് അനൗദ്യോഗിക അംഗങ്ങളും ഉള്‍പ്പെടെ 15 അംഗങ്ങളുള്ള ഡയറക്ടര്‍ ബോര്‍ഡാണ് നിലവിലുണ്ടായിരുന്നത്. എട്ട് അനൗദ്യോഗിക അംഗങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ നോമിനികളായിരുന്നു. കെ.എസ്.ആര്‍.ടി.സി ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ് രൂപീകരിച്ചിട്ടുള്ള നിയമപ്രകാരം പ്രൊഫഷണലുകള്‍ മാത്രമേ ബോര്‍ഡ് അംഗങ്ങളാകാവൂ. എന്നാല്‍ പിന്നീട് ഇതില്‍ വെള്ളം ചേര്‍ക്കുകയായിരുന്നു. ആര്‍. ബാലകൃഷ്ണ പിള്ള ഗതാഗതമന്ത്രിയായിരുന്ന കാലത്താണ് രാഷ്ട്രീയ പാര്‍ട്ടികളുടെ നോമിനികളെ ബോര്‍ഡില്‍ അംഗങ്ങളാക്കിയത്. പിന്നീട് ഇവരുടെ എണ്ണം ക്രമേണ വര്‍ധിച്ചുവരികയായിരുന്നു.
കെ.എസ്.ആര്‍.ടി.സിയുടെ പ്രതിസന്ധി മറികടക്കാനുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ നിയോഗിച്ച സുശീല്‍ ഖന്ന കമ്മിറ്റിയുടെ നിര്‍ദേശപ്രകാരമാണ് ഡയറക്ടര്‍ ബോര്‍ഡ് പുനഃസംഘടിപ്പിച്ചിരിക്കുന്നത്. ഡയറക്ടര്‍ ബോര്‍ഡില്‍ പ്രൊഫഷണലുകളല്ലാത്തവരുടെ അതിപ്രസരം കെ.എസ്.ആര്‍.ടി.സിയുടെ പ്രതിസന്ധിക്ക് മുഖ്യകാരണങ്ങളിലൊന്നയി സുശീല്‍ ഖന്ന കണ്ടെത്തിയിരുന്നു. പ്രൊഫഷണലുകള്‍ മാത്രമുള്ള ഡയറക്ടര്‍ ബോര്‍ഡ് നിലവില്‍ വരുന്നതോടെ കെ.എസ്.ആര്‍.ടി.സിയുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാവും എന്നാണ് വിലയിരുത്തല്‍.