റമദാനിൽ വിശ്വാസികൾക്ക് സിയാറത്ത് യാത്രയുമായി കെ.എസ്.ആർ.ടി.സി
കഴിഞ്ഞ വർഷം ആരംഭിച്ച വിനോദ സഞ്ചാര യാത്രയുടെയും, അടുത്തിടെ നടത്തിയ നാലമ്പല തീർഥാടന യാത്രയുടെയും സ്വീകാര്യത പരിഗണിച്ചാണ് റമദാനിൽ സിയാറത്ത് യാത്രയും സംഘടിപ്പിക്കുന്നത്.
മലപ്പുറം: റമദാൻ വ്രതത്തോടനുബന്ധിച്ച് വിശ്വാസികൾക്ക് കെ.എസ്.ആർ.ടി.സി സിയാറത്ത് യാത്ര സംഘടിപ്പിക്കുന്നു. ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിലാണ് മലപ്പുറം, പെരിന്തൽമണ്ണ ഡിപ്പോകളിൽ നിന്ന് തീർഥാടന യാത്ര സംഘടിപ്പിക്കുന്നത്. മലപ്പുറം, തൃശൂർ ജില്ലകളിലെ മഖ്ബറകൾ സന്ദർശിക്കാനാണ് കെ.എസ്.ആർ.ടി.സി അവസരമൊരുക്കുന്നത്.
ഈ മാസം 23-നാണ് മലപ്പുറം ഡിപ്പോയിൽനിന്ന് ആദ്യ സിയാറത്ത് യാത്ര പുറപ്പെടുക. രാവിലെ ആറ് മണിക്ക് ആരംഭിക്കുന്ന യാത്രയിൽ മലപ്പുറം ജില്ലയിലെ വലിയങ്ങാടി, പാണക്കാട്, മമ്പുറം, പുതിയങ്ങാടി, പൊന്നാനി, പുത്തൻപള്ളി, വെളിയംകോട് തുടങ്ങിയ മഖ്ബറകൾ സന്ദർശിക്കാനാണ് അവസരം ലഭിക്കുക. തൃശൂർ ജില്ലയിലെ മണത്തല, ചാവക്കാട് എന്നിവിടങ്ങളിലെ മഖ്ബറകൾ കൂടി സന്ദർശിച്ച് വൈകീട്ട് ആറ് മണിക്ക് മലപ്പുറത്ത് തിരിച്ചെത്തുന്ന രീതിയിലാണ് ക്രമീകരണം.
കെ.എസ്.ആർ.ടി.സി കഴിഞ്ഞ വർഷം ആരംഭിച്ച വിനോദ സഞ്ചാര യാത്രയുടെയും, അടുത്തിടെ നടത്തിയ നാലമ്പല തീർഥാടന യാത്രയുടെയും സ്വീകാര്യത പരിഗണിച്ചാണ് റമദാനിൽ സിയാറത്ത് യാത്രയും സംഘടിപ്പിക്കുന്നത്. ഒരാൾക്ക് 550 രൂപയാണ് നിരക്ക് ഈടാക്കുന്നത്. വിജയകരമായാൽ ദീർഘദൂര സിയാറത്ത് യാത്രകളും കെ.എസ്.ആർ.ടി.സിയുടെ പരിഗണനയിലുണ്ട്.