പൂരം കലക്കല്‍; വെടിക്കെട്ട് ഉപേക്ഷിച്ചത് പുനഃപരിശോധിച്ച യോഗത്തിൽ സുരേഷ് ഗോപി പങ്കെടുത്തതായി മൊഴി
പൂരം കലങ്ങിയ ദിവസം തില്ലങ്കേരിയും ബി.ഗോപാലകൃഷ്ണനും ബന്ധപ്പെട്ടു
തിരുവനന്തപുരം: തൃശൂർ പൂരം വെടിക്കെട്ട് ഉപേക്ഷിച്ചത് പുനഃപരിശോധിച്ച യോഗത്തിൽ സുരേഷ് ഗോപി പങ്കെടുത്തതായി തിരുവമ്പാടി ദേവസ്വം ജോയിന്‍റ് സെക്രട്ടറിയുടെ മൊഴി. പൂരം കലങ്ങിയ ദിവസം ആര്‍എസ്എസ് നേതാവ് വത്സൻ തില്ലങ്കേരിയും ബിജെപി നേതാവ് ബി.ഗോപാലകൃഷ്ണനും ബന്ധപ്പെട്ടു. ദേവസ്വം സെക്രട്ടറിയെ ഫോണിൽ വിളിച്ച ശേഷമാണ് സുരേഷ് ഗോപി എത്തിയതെന്നും പി. ശശിധരന്‍റെ മൊഴിയിൽ പറയുന്നു.
പൂരം കലക്കൽ തിരുവമ്പാടി ദേവസ്വത്തിന്‍റെ തലയിൽ വച്ചുകെട്ടാനുള്ള ഗൂഢനീക്കം നടക്കുന്നുവെന്ന് ദേവസ്വം സെക്രട്ടറി കെ. ഗിരീഷ് കുമാർ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ദേവസ്വവുമായി ബന്ധമില്ലാത്തവരുടെ പേരുകളാണ് പൂരം കലക്കലിൽ പറഞ്ഞുകേൾക്കുന്നത്. കേസ് കേരള പൊലീസിന് തെളിയിക്കാൻ സാധിക്കില്ലെങ്കിൽ സിബിഐയ്ക്ക് വിടണമെന്നും ഗിരീഷ് കുമാർ ആവശ്യപ്പെട്ടിരുന്നു. തൃശൂർ പൂരം കലക്കലിൽ തിരുവമ്പാടി ദേവസ്വത്തിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിക്കുന്ന എഡിജിപി എം.ആർ അജിത് കുമാറിന്റെ റിപ്പോർട്ടിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
അജിത് കുമാറിന്‍റെ റിപ്പോർട്ട് ശരിയല്ലെന്നു മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതിനുശേഷം ത്രിതല അന്വേഷണവും പ്രഖ്യാപിച്ചു. ത്രിതല അന്വേഷണത്തിലാണ് എല്ലാം വ്യക്തമാവുക. അതിനുശേഷമാണ് ഇത്തരത്തിലുള്ള റിപ്പോർട്ട് വരുന്നത്. പൂര ദിവസവും തലേദിവസവും എഡിജിപി തൃശൂരിലുണ്ടായിരുന്നു. ദേവസ്വത്തിന് ഒരു രാഷ്ട്രീയവുമില്ല. രാഷ്ട്രീയ പാർട്ടികളും അവിടെയുണ്ടായിരുന്നുവെന്നും ദേവസ്വം സെക്രട്ടറി പറഞ്ഞു.
ഞങ്ങൾ ഉണ്ടാക്കിയ പൂരം ഞങ്ങൾ തന്നെ കലക്കുമോ? തിരുവമ്പാടി ദേവസ്വം ഒരു രാഷ്ട്രീയക്കളിയും കളിച്ചിട്ടില്ല. റിപ്പോർട്ട് ദേവസ്വത്തിന്‍റെ ധാർമികതയെ ബാധിക്കും. ജനുവരി മൂന്നിനും അഞ്ചിനും നടക്കുന്ന തിരുവമ്പാടി, പാറമേക്കാവ് വേല വെടിക്കെട്ടിന് ഇതുവരെ അനുമതി നൽകിയിട്ടില്ലെന്നും അദ്ദേഹം പറയുന്നു.