കെ.എസ്.ആർ.ടി.സി ശമ്പള പ്രതിസന്ധി; അടിയന്തര പ്രമേയത്തിന് അനുമതിയില്ല
പ്രതിമാസം എഴുപത് കോടിയിൽ പരം രൂപയാണ് കെ.എസ്.ആർ.ടി.സിക്ക് അധിക ബാധ്യതയായി ഏറ്റെടുക്കേണ്ടി വരുന്നതെന്ന് ആന്റണി രാജു
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ശമ്പള വിതരണം മുടങ്ങിയത് ചർച്ചചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചു. മുഖ്യമന്ത്രി ഈ ആഴ്ച തൊഴിലാളി യൂണിയൻ നേതാക്കളുമായി ചർച്ച നടത്തുമെന്ന് മന്ത്രി ആന്റണി രാജു നിയമസഭയിൽ പറഞ്ഞു.
കോവിഡ് മരഹാമാരിയും, ഡീസൽ വിലയുടെ അനിയന്ത്രിതമായ വില വർധനവും, ഇന്ധന കമ്പനികൾ ബസ് പർച്ചേസ് വിഭാഗങ്ങൾക്ക് നൽകി വന്നിരുന്ന ആനുകൂല്യങ്ങൾ നിഷേധിച്ചതും കെ.എസ്.ആർ.ടി.സി പ്രതിസന്ധിക്ക് ആക്കം കൂട്ടി. റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ ജീവനക്കാർക്ക് പെൻഷൻ കൂടി നൽകുന്ന സംസ്ഥാനമാണ് കേരളം. പ്രതിമാസം എഴുപത് കോടിയിൽ പരം രൂപയാണ് കെ.എസ്.ആർ.ടി.സിക്ക് അധിക ബാധ്യതയായി ഏറ്റെടുക്കേണ്ടി വരുന്നത്. കോവിഡ് പ്രതിസന്ധിക്ക് ശേഷം ഘട്ടംഘട്ടമായി കൂടുതൽ ബസുകൾ നിരത്തിലിറക്കിയും ടിക്കറ്റ് ഇതര വരുമാനം വർദ്ധിപ്പിക്കുന്നതിനുമായി പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കി, പ്രതിദിന വരുമാനം ശരാശരി ആറ് കോടി രൂപ ലഭ്യമാക്കുന്ന സ്ഥിതിയിലേക്ക് എത്തിച്ചിരിക്കുകയാണെന്നും മന്ത്രി ആന്റണി രാജു നിയമസഭയിൽ പറഞ്ഞു.