കെഎസ്ആർടിസി ശമ്പള വിതരണം തിങ്കളാഴ്ച മുതൽ: കൂലിക്ക് പകരം നൽകുന്ന കൂപ്പൺ വാങ്ങില്ലെന്ന് യൂണിയനുകൾ
തിങ്കളാഴ്ചയാണ് യൂണിയനുകളും മുഖ്യമന്ത്രിയുമായുള്ള ചർച്ച
തിരുവനന്തപുരം: സർക്കാർ അനുവദിച്ച 50 കോടി രൂപ വേഗത്തിൽ ലഭിച്ചാൽ തിങ്കളാഴ്ച മുതൽ കെഎസ്ആർടിസിയിൽ ശമ്പള വിതരണം തുടങ്ങും. ജൂലൈ മാസത്തെ പകുതി ശമ്പളം നൽകാനാണ് ആലോചന. കൂലിക്ക് പകരമായി നൽകുന്ന കൂപ്പൺ വാങ്ങില്ലെന്ന് യൂണിയനുകൾ അറിയിച്ചു.
ജൂലൈ, ആഗസ്റ്റ് മാസത്തെ ശമ്പളത്തിന് മാത്രം 160 കോടി രൂപ വേണം. ഇതിന് പുറമെയാണ് ഓണം ബോണസും അഡ്വാൻസും കൊടുക്കേണ്ടത്. സർക്കാർ അനുവദിച്ച തുകകൊണ്ട് നേരത്തേ എടുത്ത ബാങ്ക് ഓവർ ഡ്രാഫ്‌റ്റ് അടച്ചു തീർത്ത് വീണ്ടും 50 കോടി ഓവർ ഡ്രാഫ്റ്റ് എടുത്താണ് ശമ്പളം നൽകാൻ ഉദ്ദേശിക്കുന്നത്. ഓണം ബോണസിന് പണമില്ല. ജീവനക്കാരുടെ ഓണം അഡ്വാൻസിനായി 75 കോടി രൂപയുടെ മറ്റൊരു ഓവർ ഡ്രാഫ്റ്റ് അപേക്ഷ എസ് ബി ഐയിൽ സമർപ്പിച്ചിട്ടുണ്ട്. സാധനം വാങ്ങാൻ അനുവദിച്ച കൂപ്പൺ വേണ്ടെന്നാണ് യൂണിയനുകളുടെ നിലപാട്.
തിങ്കളാഴ്ചയാണ് യൂണിയനുകളും മുഖ്യമന്ത്രിയുമായുള്ള ചർച്ച. 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടിയിൽ മുഖ്യമന്ത്രി എടുക്കുന്ന തീരുമാനം അനുസരിച്ചാകും കെഎസ്ആർടിസിയുടെ ഭാവി .