മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി; കെ.എസ്.യു നേതാവിനെ പൊലീസിനു മുന്നിലിട്ട് മർദിച്ച് സിപിഎം പ്രവർത്തകർ
'പോടാ' എന്നു വിളിച്ചു വന്ന സിപിഎം പ്രവർത്തകർ ഫർഹാന്റെ മുതുകിനിട്ട് അടിക്കുകയായിരുന്നു
കണ്ണൂർ: മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു ജില്ലാ വൈസ് പ്രസിഡന്റ് ഫർഹാൻ മുണ്ടേരിയെ പൊലീസ് അറസ്റ്റ് ചെയ്തു. വഴിയിൽ ഒറ്റയാൾ പ്രതിഷേധം നടത്തിയ ഫർഹാൻ മുണ്ടേരിയെ ഒരുകൂട്ടം സി.പി.എം പ്രവർത്തകർ പൊലീസിനു മുന്നിൽ വെച്ച് മർദിക്കുകയും വാഹനത്തിനകത്ത് കയറ്റിയ ശേഷം പൊലീസ് വീണ്ടും മർദിക്കുകയുമായിരുന്നു. 'പോടാ' എന്നു വിളിച്ചു വന്ന സിപിഎം പ്രവർത്തകർ ഫർഹാന്റെ മുതുകിനിട്ട് പല തവണ അടിച്ചു. എന്നാൽ ഇതിനെതിരെ പൊലീസിന്റെ ഭാഗത്തു നിന്നും ഒരു തരത്തിലുള്ള പ്രതികരണവും ഉണ്ടായില്ല.
സിപിഎം പ്രവർത്തകർക്ക് പൊലീസ് മർദിക്കാൻ അവസരം ഉണ്ടാക്കിക്കാെടുത്തതിനെ കോൺഗ്രസ് പ്രവർത്തകർ വിമർശിച്ചു. കെഎസ്.യു നേതാവിനെ മർദിച്ച സിപിഎം പ്രവർത്തകരെ ഇതുവരെ കസ്റ്റഡിയിലെടുത്തില്ല.. ഭർണശ്ശേരി മേഖലയിലുള്ള സിപിഎം പ്രവർത്തകരാണെന്നാണ് ലഭിക്കുന്ന വിവരം.