'ജാത്യാലുള്ളത് തൂത്താൽ പോകുമോ'യെന്ന പദപ്രയോഗം നികേഷ് കുമാറിന്‍റെ സവർണ്ണ ബോധത്തിന്‍റെ അടയാളമെന്ന് കെ.എം. അഭിജിത്ത്
'സായിപ്പിനെ കാണുമ്പോൾ കവാത്തു മറന്നോളൂ, പക്ഷേ അത് കൂടൊരുക്കാൻ കൂടെ നിന്ന മനുഷ്യന്‍റെ നെഞ്ചത്തേക്ക് വേണ്ട'.
കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരനെതിരേ മാധ്യമ പ്രവർത്തകൻ നികേഷ് കുമാർ നടത്തിയ വിവാദ പരാമർശത്തിനെതിരേ കെ.എസ്.യു സംസ്ഥാന പ്രസിഡന്‍റ് കെ.എം. അഭിജിത്ത്.
'ജാത്യാലുള്ളത് തൂത്താൽ പോകുമോ'യെന്ന പദപ്രയോഗം നികേഷ് കുമാറെന്ന മാധ്യമ പ്രവർത്തകന്‍റെ സവർണ്ണ ബോധത്തിന്‍റെ നേർസാക്ഷ്യമാണെന്ന് അഭിജിത്ത് പറഞ്ഞു. സുധാകരനെ ജാതി പറഞ്ഞ് അധിക്ഷേപിച്ചപ്പോഴും അദ്ദേഹം നൽകിയ മറുപടി നിങ്ങളെ ഒരിക്കൽ കൂടി ഓർമ്മപെടുത്തുന്നു.- ഇന്ന് ഇതുപോലെ ജീവനോടിരിക്കാനും, ഇങ്ങനെയൊക്കെ മാധ്യമസ്ഥാപനം നടത്താനും സി.പി.എമ്മിന്റെ കൊലക്കത്തി രാഷ്ട്രീയത്തിൽ നിന്ന് താങ്കളെയും, താങ്കളുടെ പിതാവിനെയും, കുടുംബത്തെയും സംരക്ഷിക്കാനും മുന്നിട്ട് നിന്ന മനുഷ്യരിൽ കെ.സുധാകരനെന്ന നേതാവും ഉണ്ടായിരുന്നു.- അഭിജിത്ത് ഓർമപ്പെടുത്തി. പരാമര്‍ശത്തില്‍ പ്രതികരിക്കാത്ത സാംസ്കാരിക നായകരേയും അഭിജിത്ത് വിമര്‍ശിച്ചു.
ഇന്നലെ ഒരു ചാനൽ ചർച്ചയ്ക്കിടയായിരുന്നു നികേഷ് കുമാറിന്‍റെ വിവാദ പരാമർശം. പരാമർശനത്തിനെതിരേ കോൺഗ്രസ് പ്രവർത്തകർക്കിടയിൽ നിന്ന് വ്യാപക പ്രതിഷേധമുയരുന്നുണ്ട്.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം
''കെ.പി.സി.സി പ്രസിഡന്‍റായി നിയോഗിക്കപ്പെട്ട ശ്രീ കെ. സുധാകരൻ എം.പിയുമായുള്ള അഭിമുഖത്തിനിടയിൽ 'ജാത്യാലുള്ളത് തൂത്താൽ പോകുമോ'യെന്ന പദപ്രയോഗം നികേഷ് കുമാറെന്ന മാധ്യമ പ്രവർത്തകൻ്റെ സവർണ്ണ ബോധത്തിൻ്റെ നേർസാക്ഷ്യമാണ്. കെ.പി.സി.സി അധ്യക്ഷനെ ജാതി പറഞ്ഞ് ആക്ഷേപിക്കാൻ ശ്രമിക്കുമ്പോഴും ശ്രീ കെ.സുധാകരൻ നൽകിയ മറുപടി ഒരിക്കൽകൂടി ശ്രീ.നികേഷ്, നിങ്ങളെ ഓർമ്മപ്പെടുത്തുന്നു. ഇന്ന് ഇതുപോലെ ജീവനോടിരിക്കാനും, ഇങ്ങനെയൊക്കെ മാധ്യമസ്ഥാപനം നടത്താനും സി.പി.എമ്മിൻ്റെ കൊലക്കത്തി രാഷ്ട്രീയത്തിൽ നിന്ന് താങ്കളെയും, താങ്കളുടെ പിതാവിനെയും, കുടുംബത്തെയും സംരക്ഷിക്കാനും മുന്നിട്ട് നിന്ന മനുഷ്യരിൽ കെ.സുധാകരനെന്ന നേതാവും ഉണ്ടായിരുന്നു.
'സായിപ്പിനെ കാണുമ്പോൾ കവാത്തു മറന്നോളൂ, പക്ഷേ അത് കൂടൊരുക്കാൻ കൂടെ നിന്ന മനുഷ്യന്‍റെ നെഞ്ചത്തേക്ക് വേണ്ട'.
ആകെയുള്ള സമാധാനം സാംസ്കാരിക നായകർക്കെല്ലാം കിറ്റ്കിട്ടിയിട്ടുണ്ടെന്ന സന്തോഷം മാത്രമാണ്..!''