വിദ്യാർഥികളുടെ കൺസെഷൻ നിരക്ക് വർധിപ്പിച്ചാൽ കൈയും കെട്ടി നോക്കിയിരിക്കില്ലെന്ന് കെ.എസ്.യു
വിദ്യാർഥികളുടെ കൺസെഷൻ നിരക്ക് അഞ്ചു രൂപയാക്കാനാണ് സർക്കാർ നീക്കം
വിദ്യാർഥികളുടെ സ്വകാര്യ ബസുകളിലെ കൺസെഷൻ നിരക്ക് അഞ്ചു രൂപയാക്കിയാൽ എതിർക്കുമെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്ത്.
സാമ്പത്തിക അടിസ്ഥാനത്തിൽ വിദ്യാർഥികൾക്ക് ബസുകളിലെ കൺസെഷൻ ടിക്കറ്റ് നിരക്ക് നിശ്ചയിക്കാനാണ് സർക്കാർ നീക്കം. കുടുംബ വരുമാനത്തിന് ആനുപാതികമായി നിരക്ക് നിശ്ചയിക്കാനാണ് ആലോചന. ബിപിഎല്ലുകാർക്ക് (BPL) സൗജന്യ യാത്രയും ശുപാർശ ചെയ്യുന്നു.
മഞ്ഞ റേഷൻ കാർഡുള്ള വിദ്യാർഥികൾക്ക് ബസുകളിൽ സൗജന്യ യാത്ര എന്ന തീരുമാനം സർക്കാർ കൈക്കൊണ്ടാൽ സ്വാഗതം ചെയ്യുമെന്നും എന്നാൽ അതിന്റെ മറവിൽ വിദ്യാർഥികൾക്കിടയിൽ ഉള്ളവനും ഇല്ലാത്തവനുമെന്ന അന്തരമുണ്ടാക്കി വിദ്യാർഥികളുടെ ബസുകളിലെ അടിസ്ഥാന കൺസെഷൻ നിരക്ക് ഒരു രൂപയിൽ നിന്ന് അഞ്ചു രൂപയാക്കാൻ സർക്കാർ തീരുമാനിച്ചാൽ ആ തീരുമാനത്തെ കൈയ്യും കെട്ടി സ്വാഗതം ചെയ്യാൻ കെ.എസ്.യുവിന് സൗകര്യമില്ലെന്നും അഭിജിത്ത് വ്യക്തമാക്കി.
വിദ്യാർഥികളുടെ യാത്രാവകാശത്തെ അട്ടിമറിക്കാൻ കേരളത്തിന്റെ ഭരണകൂടം ശ്രമിച്ചാൽ അതിനെതിരെ പ്രക്ഷോഭവുമായി, യാത്രാവകാശ സംരക്ഷണത്തിനുവേണ്ടി കെ.എസ്.യു തെരുവുകളിലുണ്ടാകുമെന്നും അഭിജിത്ത് മുന്നറിയിപ്പ് നൽകി.