‘ലീഗുകാരെ പേടിച്ചിട്ടില്ല, എന്നിട്ടല്ലേ?’ (ഷംസീറിനെ) യെന്ന് കെ.ടി ജലീൽ
സ്വകാര്യ സർവകലാശാല ബില്ലിലെ പ്രസംഗത്തിനിടെ സ്പീക്കർ എ.എന്‍ ശാസിച്ചതിൽ അമർഷം പരോക്ഷമായി പ്രകടിപ്പിച്ച് കെ.ടി ജലീൽ രംഗത്തെത്തി


തിരുവനന്തപുരം: ലീഗുകാരെ പേടിച്ചിട്ടില്ല, എന്നിട്ടല്ലേ? സ്പീക്കർ എ.എൻ ഷംസീറിനെ പേടിക്കുന്നതെന്ന് കെ.ടി ജലീൽ. സ്വകാര്യ സർവകലാശാല ബില്ലിലെ പ്രസംഗത്തിനിടെ സ്പീക്കർ എ.എന്‍ ശാസിച്ചതിൽ അമർഷം പരോക്ഷമായി പ്രകടിപ്പിച്ച് കെ ടി ജലീൽ രംഗത്തെത്തിയിരുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രതികരണം.
‘മക്കയിൽ ഈത്തപ്പഴം വിൽക്കുന്നവൻ’ ബഹു.സ്പീക്കർക്കുള്ള കൊട്ട് ഉഷാറായിട്ടുണ്ട് ! .ഏതായാലും കുറച്ചു ദിവസം നിയമസഭയിലേക്ക് പോവണ്ട .ഷംസീറിന്റെ വായിൽ നിന്ന് വല്ലതും കേൾക്കേണ്ടിവരും . ലീഗുകാർ കാണിക്കുന്ന മയമൊന്നും അതിനുണ്ടാവില്ല എന്ന കമന്റിന് - ‘ലീഗുകാരെ പേടിച്ചിട്ടില്ല. എന്നിട്ടല്ലേ? എന്ന മറുപടിയാണ് ജലീൽ നൽകിയിരിക്കുന്നത്.

സ്പീക്കരുടെ പേര് പറയാതെയായിരുന്നു ഫേസ്ബുക്ക് പോസ്റ്റിലൂടെയുള്ള വിമർശനം. ലീഗ് കോട്ടയിൽ നിന്നു തുടർച്ചയായി ജയിച്ചത് എടുത്തു പറയുകയാണ് ജലീൽ. മക്കയിൽ ഈന്തപ്പഴം വിൽക്കുന്നവർക്ക് അത് മനസ്സിലാകില്ലെന്നും ഫേസ്ബുക്ക് പോസ്റ്റിൽ പരിഹാസമുണ്ട്.
കെ.ടി ജലീലിന് സഭയിൽ പ്രത്യേക പ്രിവിലേജ് ഇല്ലെന്നും കാണിക്കുന്നത് ധിക്കാരമാണെന്നും സ്പീക്കർ കഴിഞ്ഞദിവസം നിയമസഭയില്‍ പറഞ്ഞിരുന്നു. സമയം കഴിഞ്ഞും സംസാരിച്ചതിന് സ്പീക്കർ കെ.ടി ജലീലിന്റെ മൈക്ക് ഓഫ് ചെയ്തു. ജലീൽ ചെയറിനെ ബഹുമാനിച്ചില്ലെന്നും മര്യാദ കാണിച്ചില്ലെന്നും സ്പീക്കർ പറഞ്ഞു. ആവശ്യപ്പെട്ടിട്ടും സംസാരം അവസാനിപ്പിക്കാൻ തയാറായില്ലെന്നും സ്പീക്കർ വ്യക്തമാക്കി.
ജലീലിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ രൂപം
'സ്വകാര്യ സർവകലാശാലാ ബില്ലിൻ്റെ ചർച്ചയിൽ പങ്കെടുത്ത് കൊണ്ട് കഴിഞ്ഞ ദിവസം നിയമസഭയിൽ ചെയ്ത പ്രസംഗമാണ് താഴെ. ബില്ലുമായി ബന്ധപ്പെട്ട് കാര്യങ്ങൾ പറഞ്ഞു വന്നപ്പോൾ സമയം അൽപം നീണ്ടു പോയി. അതൊരു ക്രിമിനൽ കുറ്റമായി ആർക്കെങ്കിലും തോന്നിയെങ്കിൽ സഹതപിക്കുകയേ നിർവാഹമുള്ളൂ. ലീഗ് കോട്ടയായ മലപ്പുറത്തു നിന്നാണല്ലോ തുടർച്ചയായി നാലാം തവണയും നിയമസഭയിലെത്തിയത്. സ്വാഭാവികമായും അൽപം "ഉശിര്'' കൂടും. അത് പക്ഷെ, "മക്കയിൽ" ഈന്തപ്പഴം വിൽക്കുന്നവർക്ക് അത്ര എളുപ്പം പിടികിട്ടിക്കൊള്ളണമെന്നില്ല'..