സമരം കടുപ്പിച്ച് ആശമാര്‍; അൻപതാം ദിനത്തിൽ മുടി മുറിച്ച് പ്രതിഷേധം
നിരാഹാരവും വിവാദങ്ങളും അധിക്ഷേപ പരാമർശവും ഒക്കെയായി സമരത്തിന് വൻ ജനപിന്തുണയാണ് ലഭിച്ചത്
തിരുവനന്തപുരം: വേതന വർധനവുൾപ്പെടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ആശമാർ നടത്തുന്ന രാപകൽ സമരം അൻപതാം ദിനത്തിൽ. സമരത്തിന്‍റെ അടുത്തഘട്ടത്തിൽ ഇന്ന് ആശമാർ ഇന്ന് മുടി മുറിച്ച് പ്രതിഷേധിക്കും. നിരാഹാരവും വിവാദങ്ങളും അധിക്ഷേപ പരാമർശവും ഒക്കെയായി സമരത്തിന് വൻ ജനപിന്തുണയാണ് ലഭിച്ചത്.
50 ദിവസം അടിപതറാതെ ഒരു സമരവുമായി മുന്നോട്ട് പോവുക എന്നത് ഒട്ടും എളുപ്പമുള്ള കാര്യമല്ല. പക്ഷേ ഇവിടെ തിരുവനന്തപുരത്ത് രാവെന്നോ പകലെന്നോ ഇല്ലാതെ സെക്രട്ടേറിയറ്റിന് മുന്നിൽ അൻപത് ദിവസമായി അവരുണ്ട്.. ആശാ വർക്കർമാർ. ഓണറേറിയം 21000 രൂപയാക്കുക, പിരിഞ്ഞുപോകുമ്പോൾ 5 ലക്ഷം രൂപ ആനുകൂല്യം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഫെബ്രുവരി 10 മുതൽ ഭരണസിരാകേന്ദ്രത്തിന് മുന്നിൽ ആശമാർ സമരമിരിക്കുന്നത്.
പിന്നാലെ മന്ത്രി വീണ ജോർജ് ചർച്ചക്ക് വിളിച്ചെങ്കിലും പരാജയപ്പെട്ടു. മഴ നനയാതിരിക്കാൻ കെട്ടിയ ടാർപ്പോളിൻ ഷീറ്റ് പൊലീസ് അഴിപ്പിച്ചതോടെ സമരം കൂടുതൽ ശ്രദ്ധ നേടി. പിന്നാലെ പിന്തുണയുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ തുടങ്ങി നേതാക്കൾ സമര പന്തലിലേക്ക് ഒഴുകിയെത്തി.
സുരേഷ് ഗോപിയുടെ സന്ദർശനത്തെ സിഐടിയു നേതാവ് കെ.എൻ ഗോപിനാഥ് അധിക്ഷേപിച്ചു. നിയമസഭയിലും പിന്നാലെ ലോക്സഭയിലും ആശമാരുടെ സമരമെത്തി. സെക്രട്ടറിയേറ്റ് ഉപരോധിച്ചു. പിന്നാലെ രണ്ടാംഘട്ട ചർച്ച.. അതിലും തീരുമാനം ആയില്ല.. ശേഷമുള്ള മന്ത്രിയുടെ ഡൽഹി യാത്ര കൂടി വിവാദമാകുകയും ആശമാർ നിരാഹാരം തുടങ്ങുകയും ചെയ്തതോടെ സമരം കൂടുതൽ ശക്തിപ്പെട്ടു.
സമരത്തിൻ്റെ അടുത്തഘട്ടത്തിൽ അൻപതാം ദിനമായ ഇന്ന് മുടി മുറിച്ച് പ്രതിഷേധിക്കാൻ ആണ് തീരുമാനം. ആവശ്യങ്ങൾ നേടിയെടുക്കാൻ തല മൊട്ടയടിക്കാൻ തയാറെന്ന് സമരക്കാർ അറിയിച്ചു. സമരം ഇത്ര നീണ്ടിട്ടും ചർച്ച ചെയ്ത് പരിഹരിക്കാൻ സർക്കാർ തയാറാകാത്തതിൽ ആശമാർ അസ്വസ്ഥരാണ്. ആവശ്യം അംഗീകരിക്കും വരെയും സമരം എന്നാണ് നിലപാട് .