ബ്ലോക്ക് കഴിഞ്ഞ് കെ.ടി ജലീൽ എഫ്ബിയിൽ തിരിച്ചെത്തി; അസത്യവും അർധസത്യവും പ്ലേറ്റിലാക്കി വിളമ്പരുതെന്ന് ഹലാൽ വിവാദത്തിൽ പ്രതികരണം
ബോർഡ് വെക്കാതെത്തന്നെ വെജിറ്റേറിയൻ റെസ്റ്റോറന്റുകൾ 'ഹലാൽ' ഭക്ഷണം വിളമ്പുന്ന കേന്ദ്രങ്ങളാണെന്നും പ്രസവ വാർഡിന്റെ മുമ്പിൽ സ്ത്രീകൾക്ക് മാത്രമെന്ന് ആരും എഴുതി വെക്കാറില്ലല്ലോയെന്നും ജലീൽ
ഹലാൽ വിവാദത്തിൽ ആദ്യ പ്രതികരണവുമായി ഡോ. കെ.ടി ജലീൽ എം.എൽ.എ. ഫേസ്ബുക്കിൽ ചിലർ ബോധപൂർവം നടത്തിയ ശ്രമത്തെ തുടർന്ന് തന്റെ പേജ് ബ്ലോക്കിലായിരുന്നുവെന്ന ആമുഖത്തോടെ ഫേസ്ബുക്കിലാണ് കെ.ടി ജലീൽ പ്രതികരിച്ചത്. 'ഹലാൽ ഭക്ഷണവും മന്ത്രിച്ചൂത്തും' എന്ന തലക്കെട്ടിലെഴുതിയ കുറിപ്പിൽ മന്ത്രിച്ചൂതി നൽകുന്നതാണ് ഹലാൽ ഭക്ഷണമെന്ന രൂപേണ നടക്കുന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്നും സത്യവും അർധസത്യവും അസത്യവും പറഞ്ഞു കേട്ടതും കേട്ടതിൻമേൽ കേട്ടതും ഊഹാപോഹങ്ങളും വറുത്തരച്ച് ഒരു പ്ലേറ്റിൽ വിളമ്പുന്നത് ദുരദ്ദേശത്തോടെയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇത് മനസ്സിലാക്കാനുള്ള വിവേകമാണ് കാലം ശരാശരി ഭാരതീയനിൽ നിന്ന് പ്രതീക്ഷിക്കുന്നതെന്നും ജലീൽ പറഞ്ഞു.
വിൽക്കപ്പെടുന്ന മാംസം അനുവദനീയ രീതിയിൽ അറുക്കപ്പെട്ടതാണെന്ന് വ്യക്തമാക്കാനാണ് ഹലാൽ എന്ന അഥവാ അനുവദനീയം എന്ന് വ്യക്തമാക്കുന്നതെന്നും തലക്കടിച്ചും ശ്വാസം മുട്ടിച്ചും കഴുത്ത് പിരിച്ചും കൊന്ന മൃഗങ്ങളുടെയോ പക്ഷികളുടെയോ മാംസം വേണമെന്ന് നിർബന്ധമുള്ളവർ വഞ്ചിക്കപ്പെടാതിരിക്കാനും ഇത്തരം ബോർഡുകൾ ഉപകരിച്ചിട്ടുണ്ടാകുമെന്നും ജലീൽ പറഞ്ഞു. ബോർഡ് വെക്കാതെത്തന്നെ വെജിറ്റേറിയൻ റെസ്റ്റോറന്റുകൾ 'ഹലാൽ' ഭക്ഷണം വിളമ്പുന്ന കേന്ദ്രങ്ങളാണെന്നും പ്രസവ വാർഡിന്റെ മുമ്പിൽ സ്ത്രീകൾക്ക് മാത്രമെന്ന് ആരും എഴുതി വെക്കാറില്ലല്ലോയെന്നും ജലീൽ കുറിച്ചു.
മന്ത്രിച്ചൂതിയ നൂലും ചരടും വെള്ളവും ഭക്ഷണവും നൽകുന്ന പതിവ് നൂറ്റാണ്ടുകളായി ഇന്ത്യയിലെ വിവിധ മതസമൂഹങ്ങളിലെ സിദ്ധന്മാർക്കിടയിൽ വ്യാപകമായി കാണാനാകുമെന്നും മന്ത്രിച്ചൂതിയതിന് തുപ്പി എന്ന് സംഘ് മിത്രങ്ങൾ പറയുന്നതാണെന്നും അദ്ദേഹം എഴുതി. കഴിഞ്ഞ ഇരുപത് ദിവസമായി തന്റെ എഫ്.ബി പേജ് ബ്ലോക്കായിരുന്നവെന്നും നിരന്തരമായ ശ്രമങ്ങളെ തുടർന്ന് തടസ്സം നീക്കാനായെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിൽ ബ്ലോക്കായതിനാൽ വർഷങ്ങളുടെ ദൈർഘ്യമുണ്ടെന്ന് തോന്നിയ ദിനങ്ങളാണ് കടന്നു പോയതെന്നും അങ്ങിനെ ഒരു പുനർജന്മ സുഖവും അനുഭവിച്ചുവെന്നും ജലീൽ കുറിപ്പിൽ പറഞ്ഞു.