ലീഗ് ഉന്നതാധികാര സമിതി യോഗത്തിൽ ഒറ്റപ്പെട്ട് കുഞ്ഞാലിക്കുട്ടി
മുഈനലി തങ്ങളെ പുറത്താക്കണമെന്ന കുഞ്ഞാലിക്കുട്ടിയുടെ ആവശ്യത്തെ പി.എം.എ സലാം ഒഴികെയുള്ള നേതാക്കളാരും പിന്തുണച്ചില്ല
മുഈനലി തങ്ങളുടെ വിമർശനം ചർച്ച ചെയ്യാൻ ചേർന്ന മുസ്‍ലിം ലീഗ് ഉന്നതാധികാര സമിതി യോഗത്തിൽ ഒറ്റപ്പെട്ട് പി.കെ കുഞ്ഞാലിക്കുട്ടി. മുഈനലി തങ്ങളെ പുറത്താക്കണമെന്ന കുഞ്ഞാലിക്കുട്ടിയുടെ ആവശ്യത്തെ പി.എം.എ സലാം ഒഴികെയുള്ള നേതാക്കളാരും പിന്തുണച്ചില്ല.
മുഈനലി തങ്ങള്‍ക്കെതിരെ നടപടി എടുത്തില്ലെങ്കിൽ വാർത്താ സമ്മേളനം അലങ്കോലപ്പെടുത്തിയ റാഫിക്കെതിരെയും നടപടി പാടില്ലെന്ന കുഞ്ഞാലിക്കുട്ടിയുടെ ആവശ്യം നേതാക്കൾ തള്ളി. എന്നാല്‍ ലീഗ് യോഗത്തിൽ തർക്കങ്ങളുണ്ടായിട്ടില്ലെന്ന് കെ.പി.എ മജീദും പി.എം.എ സലാമും വ്യക്തമാക്കി.
കുഞ്ഞാലിക്കുട്ടിക്കെതിരെ വിമര്‍ശനമുന്നയിച്ച പാണക്കാട് മുഈനലി തങ്ങള്‍ക്കെതിരെ ഇപ്പോള്‍ നടപടി എടുക്കേണ്ടെന്നായിരുന്നു ഇന്നലെ ചേര്‍ന്ന ലീഗ് ഉന്നതാധികാര സമിതി യോഗത്തില്‍ തീരുമാനിച്ചത്. മുഈനലി വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തത് ഉചിതമായില്ലെന്ന് സ്വാദിഖലി തങ്ങളുടെ അഭിപ്രായം. ഇങ്ങനെയല്ല അഭിപ്രായം പറയേണ്ടത്. കുടുംബത്തിലെ മുതിര്‍ന്ന ആളുകളാണ് അഭിപ്രായം പറയുക. കൂടിയാലോചനക്ക് ശേഷമാണ് അഭിപ്രായം പറയേണ്ടതെന്നും സ്വാദിഖലി തങ്ങള്‍ പറഞ്ഞു. പാണക്കാട് കുടുംബത്തിന്‍റെ മേസ്തിരി പണി ഞങ്ങള്‍ ആരെയും ഏല്‍പിച്ചിട്ടില്ലെന്നും കെ.ടി ജലീലിന് മറുപടിയായി സ്വാദിഖലി തങ്ങള്‍ പറഞ്ഞിരുന്നു.