ശ്രീനാരായണ മെഡിക്കൽ കോളജിലെ വിദ്യാർഥിയുടെ മരണത്തിൽ ദുരൂഹത
സംഭവത്തിൽ കോളജിന്റെ വിശദീകരണവും പൊലീസ് എഫ്‌ഐആറും തമ്മിൽ വൈരുധ്യമുണ്ട്.
Update: 2025-01-05 10:30 GMT
കൊച്ചി: എറണാകുളം ചാലക്ക ശ്രീനാരായണ മെഡിക്കൽ കോളജിലെ വിദ്യാർഥിയുടെ മരണത്തിൽ ദുരൂഹത. സംഭവത്തിൽ കോളജിന്റെ വിശദീകരണവും പൊലീസ് എഫ്‌ഐആറും തമ്മിൽ വൈരുധ്യമുണ്ട്. വിദ്യാർഥി കോറിഡോറിന്റെയും ചുമരിന്റെയും ഇടയിലൂടെ അബദ്ധത്തിൽ താഴെ വിണെന്നാണ് എഫ്‌ഐആറിലുള്ളത്, കൈവരിയിലിരുന്ന് ഫോൺ ചെയ്തപ്പോൾ വിണെന്നാണ് കോളജ് മാനേജ്‌മെന്റിന്റെ വിശദീകരണം.
ഇന്നലെ രാത്രിയാണ് കോളജിന്റെ വിമൺ ഹോസ്റ്റലിന്റെ ഏഴാം നിലയിലെ കൈവരിയിൽനിന്ന് തെന്നി വീണ്ട് എംബിബിഎസ് വിദ്യാർഥി മരിച്ചത്. കണ്ണൂർ ഇരിക്കൂർ പെരുവളത്ത്പറമ്പ് നൂർ മഹൽ വീട്ടിൽ ഫാത്തിമത്ത് ഷഹാന (21) ആണ് മരിച്ചത്.
കൈവരിയിലിരുന്ന് ഫോൺ വിളിക്കുമ്പോൾ താഴെ വീണു എന്നാണ് കോളജ് അധികൃതർ പറയുന്നത്. എന്നാൽ ഒരാൾ പൊക്കമുള്ള കൈവരിയിലിരുന്ന് ഫോൺ ചെയ്തു എന്നത് അവിശ്വസനീയമാണ് എന്നാണ് പൊലീസ് പറയുന്നത്.