ചോദ്യപേപ്പർ ചോർച്ച; അന്വേഷണ റിപ്പോർട്ടിനായി ക്രൈംബ്രാഞ്ച് ആധാരമാക്കിയത് യൂട്യൂബറായ മറ്റൊരു അധ്യാപകന്റെ മൊഴി
പൊലീസ് റിപ്പോർട്ടിന്റെയും യൂട്യൂബറുടെ മൊഴിയുടെയും പകർപ്പുകൾ മീഡിയവണിന്
കോഴിക്കോട്: ക്രിസ്മസ് ചോദ്യപേപ്പർ ചോർച്ചാക്കേസിൽ എംഎസ് സൊലൂഷ്യൻസ് ഉടമക്കെതിരായ അന്വേഷണ റിപ്പോർട്ടിനായി ക്രൈംബ്രാഞ്ച് ആധാരമാക്കിയത് യുട്യൂബറായ മറ്റൊരു അധ്യാപകനായ നിതിൻ സി.കെയുടെ മൊഴി. സ്വന്തമായി ഓൺലൈൻ ചാനലുള്ള ഈ അധ്യാപകൻ സൈലം പ്ലാറ്റ് ഫോമിലും ക്ലാസെടുത്തിട്ടുണ്ട്. പൊലീസ് റിപ്പോർട്ടിന്റെയും നിതിൻ സി.കെയുടെ മൊഴിയുടെയും പകർപ്പുകൾ മീഡിയവണിന് ലഭിച്ചു. ചോദ്യപേപ്പർ ചോർച്ചാ കേസിൽ പൊലീസ് കോടതിയിൽ സമർപ്പിച്ച ആദ്യ അന്വേഷണ റിപ്പോർട്ടാണിത്. കോഴിക്കോട് ചക്കാലക്കൽ സ്‌കൂളിലെ അധ്യാപകനായ നിതിന്റെ സി.കെയുടെ മൊഴിയാണ് പ്രധാനമായും അന്വേഷണസംഘം ആശ്രയിച്ചത് എന്ന സൂചന ഇത് നല്കുന്നു.
പൊലീസ് രണ്ടാമത് സമർപ്പിച്ച റിപ്പോർട്ടിലെ പല വാക്യങ്ങളും നിതിൻ സി.കെയുടെ മൊഴികളുടെ പകർപ്പാണ്. ഒരു എയ്ഡഡ് സ്‌കൂളിലെ അധ്യാപകൻ എന്നതിനൊപ്പം ചോദ്യ പ്രവചനം ഉൾപ്പെടെ നടത്തുന്ന ഓപൺ ഔട്ട് എന്ന യുട്യൂബ് ചാനൽ നടത്തുന്നയാൾകൂടിയാണ് നിതിൻ. സൈലം എന്ന യുട്യൂബ് ചാനലിലും ഇയാൾ പ്രവർത്തിച്ചിട്ടുണ്ട്. എംഎസ് സൊലൂഷ്യൻ ഉടമ ഷുഹൈബും നിതിനും സുഹൃത്തക്കാളായിരുന്നുവെന്നതിന് നിതിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലെ ചിത്രം തെളിവാണ്.
ഒരേ മേഖലയിൽ പ്രവർത്തിക്കുന്ന, പ്രതിയുമായി നേരത്തെ സൌഹൃദമുണ്ടായിരുന്ന ഒരാളുടെ മൊഴിയെ വലിയതോതിൽ ആശ്രയിച്ചത് അന്വേഷണത്തെ ദുർബലപ്പെടത്തുമോ എന്ന സംശയമാണ് ഇപ്പോൾ ഉയരുന്നത്. യുട്യൂബർമാർ തമ്മിലെ തർക്കമായി കേസ് പരിഗണിക്കപ്പെടുമോ എന്ന ആശങ്കയും വിദ്യാർഥി സംഘടനകളക്കം ഭയപ്പെടുന്നുണ്ട്.
വാർത്ത കാണാം-