ക്ഷണിച്ചത് നികേഷ് കുമാർ; എം.വി.ആർ ട്രസ്റ്റിന്റെ പരിപാടിയിൽ പങ്കെടുക്കാൻ കഴിയാത്തതിൽ ദുഃഖമെന്ന് കുഞ്ഞാലിക്കുട്ടി
എം.വി.ആറിന്റെ പേരിലുള്ള പരിപാടി ഒരു വിവാദത്തിനും ചർച്ചക്കും വിട്ടുകൊടുക്കാൻ താൽപര്യമില്ല. അനുസ്മരണ പ്രഭാഷണം അയച്ചുകൊടുത്തിട്ടുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
മലപ്പുറം: എം.വി.ആർ ട്രസ്റ്റിന്റെ പരിപാടിയിൽ പങ്കെടുക്കാൻ കഴിയാത്തതിൽ ദുഃഖമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി. എം.വി രാഘവന്റെ മകൻ നികേഷ് കുമാറാണ് എം.വി.ആറിന്റെ അനുസ്മരണ പരിപാടിക്ക് ക്ഷണിച്ചത്. എം.വി.ആറുമായുള്ള അടുപ്പംകൊണ്ട് പരിപാടിയിൽ പങ്കെടുക്കാമെന്ന് സമ്മതിച്ചു. ഇതിനെ ഇടതുപക്ഷ വേദിയിൽ പങ്കെടുക്കുന്നു എന്ന രീതിയിൽ മാധ്യമങ്ങൾ വളച്ചൊടിച്ച സാഹചര്യത്തിലാണ് പരിപാടിയിൽനിന്ന് പിന്മാറുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
എം.വി.ആറിന്റെ പേരിലുള്ള പരിപാടി ഒരു വിവാദത്തിനും ചർച്ചക്കും വിട്ടുകൊടുക്കാൻ താൽപര്യമില്ല. അനുസ്മരണ പ്രഭാഷണം അയച്ചുകൊടുത്തിട്ടുണ്ട്. തനിക്കേറെ പ്രിയപ്പെട്ട എം.വി.ആറിന്റെ ഓർമദിനത്തിൽ അദ്ദേഹത്തിന്റെ കുടുംബം ക്ഷണിച്ചിട്ടും ആ പരിപാടിയിൽ പങ്കെടുക്കാനാവാത്ത സാഹചര്യം അതീവ ദുഃഖത്തോടെ സംഘാടകരെ അറിയിച്ചിട്ടുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
കേരള നിർമിതിയിൽ സഹകരണ മേഖലയുടെ പങ്ക് എന്ന പേരിലാണ് സെമിനാർ സംഘടിപ്പിച്ചത്. സെമിനാറിൽ മുഖ്യ പ്രഭാഷകനായാണ് കുഞ്ഞാലിക്കുട്ടിയെ ക്ഷണിച്ചിരുന്നത്. എം.വി നികേഷ് കുമാർ അടക്കമുള്ളവർ ട്രസ്റ്റിൽ അംഗങ്ങളാണ്.