കുറുവ കൊള്ളസംഘം കോഴിക്കോടെത്തി; അതീവ ജാഗ്രതയിൽ പൊലീസ്
മതിയായ കാരണമില്ലാതെ രാത്രി 12 മണിക്ക് ശേഷം നഗരത്തില്‍ കറങ്ങുന്നവര്‍ക്കെതിരെ നടപടി
കുറുവ മോഷണ സംഘം കോഴിക്കോടെത്തിയതായി സ്ഥിരീകരിച്ചതോടെ അതീവ ജാഗ്രതയിൽ പൊലീസ്. കുറുവ സംഘത്തിൽ പെട്ട മൂന്ന് പേരെ പാലക്കാട് പൊലീസ് പിടികൂടിയതോടെയാണ് ഇവർ കോഴിക്കോടും മോഷണം നടത്തിയിരുന്നതായി കണ്ടെത്തിയത്. അന്നശേരി കേന്ദ്രീകരിച്ചാണ് മോഷണം ആസൂത്രണം ചെയ്തതെന്നും പൊലീസിന് വിവരം ലഭിച്ചു.
പാലക്കാട് പൊലീസ് അറസ്റ്റ് ചെയ്ത കുറുവസംഘത്തിലെ മൂന്ന് പേർക്ക് എലത്തൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന മോഷണത്തിലും പങ്കുള്ളതായാണ് ലഭിച്ച വിവരം. വീടുകളില്‍ അതിക്രമിച്ച് കടന്ന് മോഷണം നടത്തുന്നതാണ് കുറുവ മോഷണ സംഘത്തിന്റെ രീതി. ഇവരുടെ സാന്നിധ്യം കോഴിക്കോടുണ്ടെന്ന് ഉറപ്പിച്ചതോടെ നഗര പരിധിയില്‍ പരിശോധന കര്‍ശനമാക്കുകയാണ് പൊലീസ്. മതിയായ കാരണമില്ലാതെ രാത്രി 12 മണിക്ക് ശേഷം നഗരത്തില്‍ കറങ്ങുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കും. സംശയം തോന്നിയാൽ ഫോട്ടോ എടുത്ത് ജില്ലാ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോക്ക് കൈമാറും.
വ്യാപാരികളുടെയും റസിഡന്‍സ് അസോസിയേഷനുകളുടെയും സഹായത്തോടെ കൂടുതല്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കാനും തീരുമാനിച്ചു. പാലക്കാട് അറസ്റ്റ് ചെയ്ത മൂന്ന് പേരെ എലത്തൂർ പൊലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യംചെയ്യും.