ഗവർണറുടെ മാധ്യമ വിലക്കിനെതിരെ രാജ്ഭവൻ മാർച്ച് നടത്തുമെന്ന് കെ.യു.ഡബ്ലിയു.ജെ
വാർത്താസമ്മേളനത്തിൽ പങ്കെടുക്കാൻ അനുമതി ചോദിച്ചു ജയ്ഹിന്ദ് ടിവി മെയിൽ നൽകിയിരുന്നെങ്കിലും അനുമതി നൽകിയില്ല
കൊച്ചി: വാർത്താസമ്മേളനത്തിൽ നിന്ന് ഒരു വിഭാഗം മാധ്യമങ്ങളെ വിലക്കിയ ഗവർണറുടെ നടപടി അങ്ങേയറ്റം ജനാധിപത്യ വിരുദ്ധമാണെന്ന് കെ.യു.ഡബ്ലിയു.ജെ. ഗവർണർ എന്ന ഭരണഘടന പദവിയുടെ അന്തസ്സിനെ കൂടി അപമാനിക്കുകയാണ് ആരിഫ് മുഹമ്മദ് ഖാൻ. ഗവർണർ തെറ്റ് തിരുത്തി ഖേദം പ്രകടിപ്പിക്കണമെന്ന് കേരളാ പത്രപ്രവർത്തക യൂണിയൻ സംസ്ഥാന പ്രസിഡന്റ് എം വി വിനീതയും ജനറൽ സെക്രട്ടറി ആർ കിരൺ ബാബുവും ആവശ്യപ്പെട്ടു. മാധ്യമ സ്വാതന്ത്ര്യത്തിന് മേലുള്ള ഈ കടന്നുകയറ്റത്തിൽ പ്രതിഷേധിച്ച് നാളെ രാവിലെ 11 30ന് രാജ്ഭവൻ മാർച്ച് സംഘടിപ്പിക്കുമെന്നും കെയുഡബ്ലിയുജെ അറിയിച്ചു.
പത്രസമ്മേളനത്തിൽ പങ്കെടുക്കാൻ മെയിൽ അയച്ചു അനുമതി നൽകി പേര് പരിശോധിച്ച് അകത്തു കയറ്റിയ ശേഷമാണ് കൈരളി, മീഡിയ വൺ സംഘത്തെ വാർത്താ സമ്മേളന ഹാളിൽ നിന്നും ഇറക്കിവിട്ടത്. ബോധപൂർവ്വം മാധ്യമങ്ങളെ അപമാനിക്കാനുള്ള ശ്രമമാണിത്. വാർത്ത സമ്മേളനത്തിൽ പങ്കെടുക്കാൻ അനുമതി ചോദിച്ചു ജയ്ഹിന്ദ് ടിവി മെയിൽ നൽകിയിരുന്നെങ്കിലും അനുമതി നൽകിയില്ല.
വിമർശനങ്ങളോടുള്ള കടുത്ത അസഹിഷ്ണുതയും ജനാധിപത്യ വിരുദ്ധവുമായ നിലപാടും ഗവർണർ ആവർത്തിക്കുകയാണ്. കഴിഞ്ഞ തവണ ഗവർണറുടെ ഭാഗത്തു നിന്ന് ഇത്തരത്തിൽ മാധ്യമ വിലക്കുണ്ടായ ഘട്ടത്തിൽ തന്നെ ഇത് ആവർത്തിച്ചാൽ ശക്തമായ പ്രതിഷേധത്തിലേക്ക് യൂണിയന് പോകേണ്ടി വരുമെന്നും കെയുഡബ്ലിയുജെ വാർത്താ കുറിപ്പിൽ പറഞ്ഞു.