പാലക്കാട് കുഴൽമന്ദം വാഹനാപകടം പ്രത്യേക സംഘം അന്വേഷിക്കും
അപകടത്തിൽ ദുരൂഹതയുണ്ടെന്ന ബന്ധുക്കളുടെ ആരോപണത്തെ തുടർന്നാണ് നടപടി
Update: 2022-02-12 06:33 GMT
പാലക്കാട് കുഴൽമന്ദം വാഹനാപകടം പ്രത്യേക സംഘം അന്വേഷിക്കും. പാലക്കാട് എസ്പിയാണ് പ്രത്യേക സംഘത്തെ നിയോഗിച്ചത്. അപകടത്തിൽ ദുരൂഹതയുണ്ടെന്ന ബന്ധുക്കളുടെ ആരോപണത്തെ തുടർന്നാണ് നടപടി.
കെ.എസ്.ആർ.ടി.സി ഡ്രൈവർ ബോധപൂർവ്വം ഇരു ചക്ര വാഹനത്തെ ഇടിച്ചതാണെന്നാണ് മരിച്ച യുവാക്കളുടെ കുടുംബങ്ങൾ ആരോപിക്കുന്നത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് കുഴൽമന്ദം വെളളപ്പാറയിൽ കെ.എസ്.ആർ.ടി.സി ബസ് ഇടിച്ച് രണ്ട് യുവാക്കൾ മരിച്ചത്.
പാലക്കാട് നിന്നും വടക്കഞ്ചേരിക്ക് പോവുകയായിരുന്ന ബസാണ് അപകടം ഉണ്ടാക്കിയത്. ബസ് ഓടിച്ച വടക്കഞ്ചേരി ഡിപ്പോയിലെ ഡ്രൈവർ കെ.എൽ. ഔസേപ്പിനെ പോലീസ് അറസ്റ്റ് ചെയ്ത് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടിരുന്നു. കെഎസ്ആർടിസി ഇയാളെ സസ്പെൻഡ് ചെയ്തു.