പൗരത്വ പ്രക്ഷോഭങ്ങള്‍ക്ക് ശേഷം വലിയ സൈബർ അറ്റാക്കുകൾക്കാണ് ഇരയായത്: ലദീദ ഫര്‍സാന
ബുള്ളി ഭായ് ആപ്പിന്‍റെ ഇരയായ വിദ്യാര്‍ഥി നേതാവ് ലദീദ ഫര്‍സാന മീഡിയാവണിനോട്
'ബുള്ളി ബായ്' എന്ന കുപ്രസിദ്ധ ആപ്പില്‍, പ്രശസ്തരായ നൂറോളം മുസ്‌ലിം സ്ത്രീകളെ വില്‍പ്പനയ്ക്ക് വെച്ച സംഭവം പുറം ലോകമറിഞ്ഞത് ഈ വര്‍ഷം ജനുവരി ഒന്നിനാണ്. മാധ്യമപ്രവർത്തക ഇസ്മത് ആറയാണ് ഈ വിദ്വേഷ ക്യാമ്പയിനെക്കുറിച്ച് ആദ്യമായി വെളിപ്പെടുത്തുന്നത്. നടി ഷബാന ആസ്മി, ജെഎന്‍യു ക്യാമ്പസില്‍ നിന്ന് കാണാതായ നജീബ് അഹ്‌മദിന്റെ ഉമ്മ ഫാത്തിമ നഫീസ, എഴുത്തുകാരി റാണ സഫ്‌വി, മാധ്യമപ്രവർത്തക സബാ നഖ്‌വി, ജെഎൻയു വിദ്യാർത്ഥി നേതാവായിരുന്ന ഷെഹല റാഷിദ്, പൗരത്വ പ്രക്ഷോഭങ്ങളിലെ നിറ സാന്നിധ്യങ്ങളായിരുന്ന വിദ്യാർഥി നേതാക്കളായ ആയിഷ റെന്ന, ലദീദ ഫർസാന അടക്കം നൂറുകണക്കിനു മുസ്‌ലിം സ്ത്രീകളെയാണ് ചിത്രങ്ങൾ സഹിതം ആപ്പിൽ ലേലം വിളിച്ചത്. ഇരകളുടെ പരാതിയെത്തുടര്‍ന്ന് ആപ്പ് നിർമിച്ച നീരജ് ബിഷ്ണോയ് എന്നയാളടക്കം നിരവധി പേര്‍ അറസ്റ്റിലായി. മുമ്പ് സുള്ളി ഡീല്‍സ് എന്ന ആപ്പിലൂടെയും സമാനമായ രീതിയില്‍ മുസ്ലിം സ്ത്രീകളെ വില്‍പ്പനക്ക് വച്ചിരുന്നു. ഈ രണ്ട് ആപ്പുകളുടേയും ഇരയായ വിദ്യാര്‍ഥി നേതാവ് ലദീദ ഫര്‍സാന മീഡിയാ വണിനോട് പ്രതികരിക്കുന്നു.
ആദ്യം സുള്ളി ഡീൽസ്, ഇപ്പോൾ ബുള്ളി ഭായ്. വേട്ടയുടെ പേരുമാറുന്നു എന്നല്ലാതെ ഇരകളും വേട്ടക്കാരുമൊക്കെ ഒന്നു തന്നെയല്ലേ. രണ്ടിന്‍റേയും ഇര എന്ന അർഥത്തില്‍ താങ്കളുടെ അനുഭവങ്ങൾ പങ്കു വക്കാമോ?
ഒരേ രീതിയിൽ പ്രവർത്തിച്ച രണ്ട് ആപ്പുകളാണ് സുള്ളി ഡീൽസും ബുളളി ഭായും. പൊതു രംഗത്ത് സജീവമായി ഇടപെടുന്ന മുസ്ലിം സ്ത്രീകളെ കേന്ദ്രീകരിച്ചുള്ള സൈബർ ആക്രമണമാണിത്. മുസ്ലിം സ്ത്രീകളെ ഓൺലൈനിൽ വിൽപ്പനക്ക് വക്കുന്ന ഒരിടം രൂപപ്പെടുത്തുകയാണ് ഇവിടെ. രണ്ടിന്റേയും പ്രവർത്തനത്തിൽ വലിയ വ്യത്യാസങ്ങളൊന്നുമില്ല. രണ്ടിന്റേയും പുറകിൽ പ്രവർത്തിച്ചവരൊക്കെ ഒരേ രീതിയാണ് പിന്തുടർന്നത്. ട്വിറ്ററിലും മറ്റു സാമൂഹ്യമാധ്യമങ്ങളിലുമൊക്കെ എന്റെ പേര് മെൻഷൻ ചെയ്ത് ഈ ആപ്പുകളിലെ സ്‌ക്രീൻഷോട്ടുകൾ പ്രചരിപ്പിക്കപ്പെടുന്നത് കാണുമ്പോഴാണ് ഞാനും വിൽപ്പനക്ക് വക്കപ്പെട്ടിരിക്കുകയാണ് എന്ന് അറിയുന്നത്. ഒരു ലൈംഗികാവഹേളനം എന്നതിനപ്പുറത്ത് മുസ്ലിം സ്ത്രീകളുടെ സ്ഥാനം ഈ രാജ്യത്ത് ഞങ്ങൾ ഇവിടെയാണ് നിശ്ചയിച്ചു വച്ചിരിക്കുന്നത് എന്നാണ് ഇക്കൂട്ടർ പറയാൻ ശ്രമിക്കുന്നത്.
സംഘ്പരിവാറിന്‍റെ ഇന്ത്യയിൽ മുസ്ലിം സ്ത്രീകൾക്ക് നിർഭയത്വമില്ലെന്ന് കരുതുന്നുണ്ടോ? ഇത്തരം സംഘങ്ങൾക്ക് ഭരണകൂടത്തിന്‍റെ മൗനാനുമതിയുണ്ടോ ?
ഇന്ത്യാ ചരിത്രത്തിലെ വംശഹത്യകളുടെ പരമ്പരകൾ പരിശോധിച്ചാൽ അവയെല്ലാത്തിലും മുസ്ലിം സ്ത്രീ സംഘ്പരിവാറിന്‍റെ ഏറ്റവും വലിയ ഇരയായിരുന്നു എന്ന് മനസ്സിലാക്കാനാവും.ഒരു വശത്ത് ഇക്കൂട്ടർ മുസ്ലിം പുരുഷന്മാരെ കൊന്നൊടുക്കുമ്പോൾ മറുവശത്ത് മുസ്ലിം സ്ത്രീകളെ ക്രൂരമായ ബലാത്സംഗങ്ങൾക്ക് ഇരകളാക്കി. വംശഹത്യകൾക്കിടയിൽ ബലാത്സംഗം ചെയ്യപ്പെടേണ്ടവർ എന്ന മട്ടിലാണ് വർഗീയവാദികൾ എക്കാലവും മുസ്ലിം സ്ത്രീകളെ കണ്ടിട്ടുള്ളത്. ഇതിന്റെ തുടർച്ചയാണ് ഈ ആപ്പുകളും. ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലൂടെയാണ് ഇവിടെ ലൈംഗികാതിക്രമം നടക്കുന്നത് എന്ന് മാത്രം.ഭരണകൂടത്തിന്റെ മൗനാനുമതി എന്നല്ല ഭരണകൂടത്തിന്റെ സ്വഭാവം തന്നെ ഇങ്ങനെയാണ്. കശ്മീരിൽ സ്ത്രീകളെ ബലാത്സംഗം ചെയ്യുന്നത് സൈന്യമാണല്ലോ. അപ്പോൾ ഭരണകൂടത്തിന്റെ പ്രത്യക്ഷാനുമതി ഇക്കൂട്ടർക്കുണ്ട് എന്ന് പറയേണ്ടി വരും.
പൊതുസമൂഹം, സാംസ്കാരിക നായകർ, രാഷ്ട്രീയ നേതാക്കൾ ഇവരൊക്കെ എത്രമേൽ ഗൗരവത്തിൽ ഈ വിഷയത്തെ സമീപിച്ചിട്ടുണ്ട് ?
ഇന്ത്യയിൽ മുസ്ലിം സമൂഹത്തിനെതിരെ നടക്കുന്ന അതിക്രമങ്ങളെ വളരെ നിസ്സംഗമനോഭാവത്തിലാണ് പൊതുസമൂഹം കാണുന്നത്. മുസ്ലിങ്ങളെക്കുറിച്ച വാർത്തകൾ വരുമ്പോൾ 'കുറേക്കാലമായി ഇതിവിടെ സംഭവിക്കുന്നുണ്ടല്ലോ ഇതിവരുടെ ജീവിതത്തിന്റെ ഭാഗമാണ്' എന്നാണ് സമൂഹം കരുതിപ്പോരുന്നത്. ബുള്ളി ഭായ് വിഷയത്തിലും ഇതു തന്നെയാണ് സംഭവിച്ചത്. മുസ്ലിം വേട്ടകളെക്കുറിച്ച വാർത്തകൾ സ്വാഭാവികമായ വാർത്തകളായി കാണുന്ന പൊതുസമൂഹമാണ് ഇവിടെയുള്ളത്. ഇവിടെയുള്ള മുഖ്യധാരാ രാഷ്ടീയ പാർട്ടികളൊക്കെ ഭൂരിപക്ഷത്തെ പ്രീണിപ്പിച്ചാണ് ഇതുവരെ പ്രവർത്തിച്ചു വന്നിട്ടുള്ളത്. അതിൽ പാർട്ടി വ്യത്യാസമൊന്നുമില്ല. രാമക്ഷേത്രത്തിന് തറക്കല്ലിടുമ്പോൾ ഞങ്ങളെ വിളിച്ചില്ലല്ലോ എന്ന് പരിതപിക്കുന്ന കോൺഗ്രസിനെ നമ്മൾ കണ്ടതാണല്ലോ. ന്യൂനപക്ഷങ്ങളുടെ വിഷയങ്ങള്‍ക്കൊക്കെ ഇക്കൂട്ടര്‍ എക്കാലവും രണ്ടാം സ്ഥാനമാണ് നല്‍കിയിട്ടുള്ളത്.
ബുള്ളി ഭായ് വിഷയത്തില്‍ മാധ്യമങ്ങളുടെ സമീപനമെന്തായിരുന്നു ?
സുള്ളിഡീൽസ് വിഷയത്തിൽ മാധ്യമങ്ങൾ വലിയ അലംഭാവം കാണിച്ചിരുന്നു. ഇന്ത്യയിലെ മുഖ്യധാരാമാധ്യമങ്ങളിൽ പലതും അത് വാർത്തയാക്കിയിരുന്നില്ല. എന്നാൽ ബുള്ളി ഭായ് വിഷയത്തിൽ ആ സ്ഥിതിയുണ്ടായില്ല എന്നത് കുറച്ചെങ്കിലും ആശ്വാസകരമാണ്. അപ്പോഴും പല മാധ്യമങ്ങളും അത്ര ഗൗരവത്തിൽ വിഷയത്തെ സമീപിച്ചിട്ടില്ല. ഞങ്ങൾ വിളിച്ച പത്രസമ്മേളനത്തിലേക്ക് വന്ന മാധ്യമങ്ങളിൽ പലരും അർഹിക്കുന്ന പ്രാധാന്യത്തിൽ വിഷയം റിപ്പോർട്ട് ചെയ്തിട്ടില്ല. പക്ഷേ മുമ്പത്തേതിനേക്കാൾ വിഷയം പൊതുസമൂഹം അറിഞ്ഞു തുടങ്ങിയിട്ടുണ്ട്.
ഇന്ത്യയിലെ മുസ്ലിം സ്ത്രീകളുടെ ശക്തമായ പ്രാതിനിധ്യം കണ്ട സമരമായിരുന്നല്ലോ പൗരത്വ പ്രക്ഷോഭം. ഇതിനുശേഷം മുസ്ലിം സ്ത്രീകൾക്ക് നേരെയുള്ള വേട്ടകൾ വർധിച്ചുവെന്ന് പറയാനാവുമോ ?
തീർച്ചയായും. പൗരത്വപ്രക്ഷോഭങ്ങൾക്ക് ശേഷം മുസ്ലിം സ്ത്രീകളെ കേന്ദ്രീകരിച്ചുള്ള വേട്ടകൾ വർധിച്ചിട്ടുണ്ട്. മറ്റൊരു രീതിയിലേക്ക് അത് മാറിയിട്ടുമുണ്ട്. പൗരത്വപ്രക്ഷോഭങ്ങൾക്ക് ശേഷം പൊതു രംഗത്ത് സജീവരായ മുസ്ലിം സ്ത്രീകളെ കേന്ദ്രീകരിച്ചുള്ള സൈബർ അറ്റാക്കുകൾ ഏറെ വർധിച്ചുവെന്ന് പറയാം. മുസ്ലിം സ്ത്രീകളുടെ രാഷ്ട്രീയ ജീവിതം തകർക്കാനും പൊതു ജീവിതം തടസപ്പെടുത്താനും നിരന്തരമായ ശ്രമങ്ങൾ നടക്കുന്നുണ്ട്. പൗരത്വപ്രക്ഷോഭത്തിന് ശേഷം ഞാനുൾപ്പെടെയുള്ള സ്ത്രീകൾ വലിയ സൈബർ അറ്റാക്കുകൾക്കാണ് ഇരകളായത്. ഞങ്ങൾ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങൾ എഴുത്തുകൾ ഇവക്കൊക്കെ താഴെ വന്ന് ആസൂത്രിതമായി വംശീയ പ്രയോഗങ്ങൾ കമന്റുകളായി രേഖപ്പെടുത്തി അവഹേളിക്കുന്നതടക്കം നിരന്തരമായ സൈബർ അറ്റാക്കുകൾ. ഇതൊക്കെ സംഘ്പരിവാർ വംശീയതയുടെ പുതിയ രൂപമാണ്.
ബുള്ളി ഭായ് ആപ്പിനെതിരെ എഴുതിയ ഒരു പോസ്റ്റ് ഷെയർ ചെയ്തതിന് കേരള പോലീസ് ഒരാൾക്കെതിരെ കേസ് ചുമത്തിയല്ലോ, കേരള പൊലീസിൽ സംഘപരിവാർ സാന്നിധ്യമുണ്ടെന്ന വിമർശനം നിലനിൽക്കേ ഈ അറസ്റ്റിനെ എങ്ങനെ നോക്കികാണുന്നു
ഇത് പോലുള്ള സംഭവങ്ങൾ കേരളത്തിലിപ്പോൾ തുടർക്കഥയാണ്. സോഷ്യൽ മീഡിയയിൽ സംഘ്പരിവാറിനെ വിമർശിച്ചാൽ കേരളപൊലീസ് ഉടൻ കേസെടുക്കും. അതിന്റെ തുടർച്ചയാണ് ബുള്ളി ഭായ് വിഷയത്തിലും സംഭവിച്ചത്. വലിയ ആശങ്കയോടെയാണ് പൊലീസിന്റെ സമീപനങ്ങളെ ഞാന്‍ നോക്കിക്കാണുന്നത്. ചിലപ്പോഴൊക്കെ പൊലീസ് സംവിധാനം ഭരണകൂടത്തിന്റെ കയ്യിൽ അല്ലേ എന്ന് വരെ തോന്നിപ്പോവാറുണ്ട്. ബുള്ളി ഭായ് വിഷയത്തിൽ ഞങ്ങൾ മുഖ്യമന്ത്രിയെ കണ്ട് പരാതി സമർപ്പിച്ച് മണിക്കൂറുകൾക്കകമാണ് ഈ വിഷയത്തിൽ ഇട്ട പോസ്റ്റ് ഷെയർ ചെയ്ത ആൾക്കെതിരെ കേസ് ചുമത്തപ്പെടുന്നത്.ഇതേ പൊലീസിനാണല്ലോ ഞങ്ങൾ കേസ് നൽകിയിരിക്കുന്നത് എന്നോർക്കുമ്പോൾ തമാശയാണ് തോന്നുന്നത്.
വളരെ വ്യവസ്ഥാപിതമായി പ്രവർത്തിക്കുന്ന ഒരു സൈബർ സംവിധാനമുപയോഗിച്ചാണ് ബിജെപി ഐ.ടി സെൽ പ്രവർത്തിക്കുന്നത്. ഇവരുടെ സംഘടിതമായ ആക്രമണങ്ങളെ എങ്ങനെയാണ് നേരിടാൻ കഴിയുക?
ഇത്തരം സംഘങ്ങളെ നിയമപരമായി നേരിടുക എന്നതാണ് ഒരു ജനാധിപത്യരാജ്യത്തെ ഏറ്റവും വലിയ മാർഗം. എന്നാൽ രാജ്യത്തെ നിയമസംവിധാനമടക്കം നമുക്ക് നീതി ലഭിക്കേണ്ട ഇടങ്ങളൊക്കെ സംഘ്പരിവാർ താൽപര്യങ്ങൾക്ക് അനുഗുണമായി പ്രവർത്തിച്ചാല്‍ ആരിലാണ് നമ്മൾ പ്രതീക്ഷ വക്കുക?. ഇത്തരം സൈബർ അറ്റാക്കുകളെ നേരിടാൻ സൈബറിടങ്ങളിൽ തന്നെ കൂട്ടായാമ്കൾ രൂപപ്പെടണം. ഇവരുടെ നുണപ്രചരണങ്ങളെ വസ്തുതകൾ കൊണ്ട് നേരിടാനാവണം.