യാത്രാ ദുരിതത്തിനെതിരെ കൊച്ചി ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ ഓഫീസിന് മുന്നിൽ പ്രതിഷേധം
കപ്പല്‍യാത്ര പ്രശ്‌നത്തില്‍ ഉടന്‍ പരിഹാരം കാണണം എന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹരജിയിൽ ഹൈക്കോടതി ലക്ഷദ്വീപ് ഭരണകൂടത്തിന്‍റെ വിശദീകരണം തേടി
കൊച്ചി: ലക്ഷദ്വീപിലേക്കുള്ള യാത്രാ ദുരിതത്തിനെതിരെ കൊച്ചി ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ ഓഫീസിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു. കപ്പല്‍യാത്ര പ്രശ്‌നത്തില്‍ ഉടന്‍ പരിഹാരം കാണണം എന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹരജിയിൽ ഹൈക്കോടതി ലക്ഷദ്വീപ് ഭരണകൂടത്തിന്‍റെ വിശദീകരണം തേടി.
യാത്രാക്കപ്പലുകൾ വെട്ടിച്ചുരുക്കിയതിനാൽ യാത്രാ ദുരിതത്തിലാണ് ദ്വീപുകാർ. യാത്രാ ദുരിദത്തിൽ പ്രതിഷേധിച്ച് ലക്ഷദ്വീപ് ടെറിറ്റോറിയൽ കോൺഗ്രസിന്‍റെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. കൊച്ചി വെല്ലിംഗ്ടൺ ഐലന്‍റിലെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ ഓഫീസിന് മുന്നിലായിരുന്നു പ്രതിഷേധം. കപ്പൽ സർവീസ് വെട്ടിച്ചുരുക്കിയത് പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം.
ഇതേ വിഷയമുന്നയിച്ച് ലക്ഷദ്വീപ് ജെ.ഡി.യു സംസ്ഥാന പ്രസിഡന്‍റ് ഡോ: മുഹമ്മദ് സാദിഖ് നൽകിയ പൊതുതാല്‍പര്യ ഹരജി ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കാൻ മാറ്റി. ദ്വീപിലെ കപ്പല്‍ യാത്രാപ്രശ്‌നം ഉടന്‍ പരിഹരിക്കാനും കൊച്ചിയില്‍ കുടുങ്ങിക്കിടക്കുന്നവരെ ഉടനെ നാട്ടിലെത്തിക്കാനും അതു വരെ അവര്‍ക്ക് വേണ്ട സഹായം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് ഹരജി.
യാത്ര പ്രശ്‌നത്തില്‍ ജനങ്ങള്‍ ദുരിതമനുഭവിക്കുകയാണ് ഭരണകൂടം ഇതിനെതിരെ യാതൊരു നടപടിയും കൈകൊണ്ടിട്ടില്ല. ദ്വീപ് ഭരണകൂടം എല്ലാ കപ്പലുകളും പ്രവര്‍ത്തിക്കാനുള്ള അനുമതി നല്‍കുകയും അല്ലാത്ത പക്ഷം നാവികസേനയുടെ കപ്പലുകൾ ഉപയോഗിച്ച് ബദല്‍ സംവിധാനം ഒരുക്കണം. ആ കാലയളവ് വരെ കൊച്ചിയിൽ കുടുങ്ങിയ യാത്രികര്‍ക്ക് വേണ്ട സഹായം നല്‍കണമെന്നുമാണ് ദ്വീപുകാരുടെ ആവശ്യം.