ഫലസ്തീൻ- ഇസ്രായേൽ സംഘർഷം അവസാനിക്കണമെന്ന് ലത്തീൻ സഭ; പള്ളികളിൽ പ്രത്യേക പ്രാർത്ഥനാ യോഗം
ഫ്രാൻസിസ് മാർപ്പാപ്പയുടെ ആഹ്വാനപ്രകാരമാണ് കേരളത്തിലെ ലത്തീൻ സമൂഹം പ്രാർത്ഥനാ ദിനം ആചരിക്കാൻ തീരുമാനിച്ചത്
തിരുവനന്തപുരം: ഫലസ്തീൻ- ഇസ്രായേൽ സംഘർഷം അവസാനിക്കണമെന്ന് ലത്തീൻ സഭ. 27 ന് പള്ളികളിൽ പ്രത്യേക പ്രാർത്ഥനാ യോഗം നടത്തും. ഫ്രാൻസിസ് മാർപ്പാപ്പയുടെ ആഹ്വാനപ്രകാരമാണ് കേരളത്തിലെ ലത്തീൻ സമൂഹം പ്രാർത്ഥനാ ദിനം ആചരിക്കാൻ തീരുമാനിച്ചത്. ഉപവാസം ഉള്‍പ്പടെ അനുഷ്ടിച്ചുള്ള പ്രാർത്ഥനാ യോഗങ്ങളായിരിക്കും ഇതിന്‍റെ ഭാഗമായി നടക്കുക.
ഗസ്സയിൽ ദുരിതമനുഭവിക്കുന്ന ജനങ്ങളുടെ വിവരം തിരക്കി ലത്തീൻ പള്ളി അധികൃതരെ ഫ്രാൻസിസ് മാർപ്പാപ്പ ബന്ധപ്പെട്ടിരുന്നു. ദുരിതബാധിതരെ താമസിപ്പിച്ചിരിക്കുന്ന ഹോളി ഫാമിലി പാരിഷ് ഹാൾ അധികൃതരെയാണ് മാർപ്പാപ്പ ഫോണിൽ വിളിച്ചത്. ഫലസ്തീൻ ജനതയെ പ്രാർഥനകളിൽ ഉൾപ്പെടുത്തുന്നുവെന്നും പിന്തുണ അറിയിക്കുന്നുവെന്നും മാർപ്പാപ്പ പറഞ്ഞതായി സിസ്റ്റർ നെബില സലേ അറിയിച്ചു.
ഗസ്സയിലെ ഏക ലത്തീൻ പള്ളിയായ ഹോളി ഫാമിലി പാരിഷിൽ അഭയം പ്രാപിച്ചിരിക്കുന്നവരുടെ വിവരം തിരക്കിയാണ് മാർപ്പാപ്പ ഫോണിൽ ബന്ധപ്പെട്ടത്. ദുരിതത്തിന്റെ ആഴം മനസ്സിലാകുന്നുണ്ടെന്നും പ്രാർഥനകളിൽ ഗസ്സയും ജനങ്ങളും എപ്പോഴുമുണ്ടെന്നും മാർപ്പാപ്പ അറിയിച്ചതായി വത്തിക്കാൻ ന്യൂസിന് നൽകി അഭിമുഖത്തിൽ സിസ്റ്റർ നബീല പറഞ്ഞു.
"പള്ളി വികാരിയായ ഫാദർ യൂസഫിനെയാണ് മാർപ്പാപ്പ വിളിച്ചത്. മാർപ്പാപ്പയ്ക്ക് ഇറ്റാലിയൻ അത്ര നന്നായി സംസാരിക്കാനറിയാത്തതിനാൽ അദ്ദേഹം ഫോൺ എനിക്ക് തന്നു. എത്രയാളുകൾ പള്ളിയിൽ അഭയം പ്രാപിച്ചിട്ടുണ്ടെന്നാണ് മാർപ്പാപ്പ ആദ്യം തിരക്കിയത്. കുട്ടികളടക്കം അഞ്ഞൂറോളം ആളുകളുണ്ടിവിടെ. എല്ലാവരെയും പ്രാർഥനയിലുൾപ്പെടുത്തുന്നുവെന്നും എല്ലാ പിന്തുണയും നൽകുന്നുവെന്നും മാർപ്പാപ്പ അറിയിച്ചു. അദ്ദേഹത്തിന്റെ വാക്കുകൾ നൽകുന്ന ധൈര്യം പറഞ്ഞറിയിക്കാനാവുന്നതല്ല". സിസ്റ്റർ നബീല പറഞ്ഞു. ഗസ്സയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിന് ഇടപെടലുണ്ടാവണമെന്ന് താൻ മാർപ്പാപ്പയോട് അഭ്യർഥിച്ചതായും സിസ്റ്റർ കൂട്ടിച്ചേർത്തു.