'ആർ.ജെ.ഡി പറഞ്ഞ തിരുത്തലുകൾ എൽ.ഡി.എഫ് പരിഗണിച്ചില്ല': അതൃപ്തിയുമായി ശ്രേയാംസ് കുമാർ
അവഗണന മുന്നണിയിൽ ധരിപ്പിച്ചതാണെന്നും എല്ലാത്തിനും അതിന്‍റേതായ സമയമുണ്ടെന്നും ശ്രേയാംസ് കുമാർ
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പരാജയവുമായി ബന്ധപ്പെട്ട് ആർ.ജെ.ഡി മുന്നോട്ട് വച്ചിരുന്ന തിരുത്തലുകൾക്ക് എൽ.ഡി.എഫ് തയാറാകാതിരുന്നതിൽ അതൃപ്തിയുമായി ആർ.ജെ.ഡി സംസ്ഥാന അധ്യക്ഷൻ എം.വി ശ്രേയാംസ് കുമാർ. ആർ.ജെ.ഡി തിരുത്തലുകൾ മുന്നോട്ട് വെച്ചതിനുശേഷം എൽ.ഡി.എഫ് യോഗം ചേർന്നിട്ടില്ലെന്ന പരാതിയും അദ്ദേഹം മുന്നോട്ട് വെച്ചു. എൽ.ഡി.എഫിൽ നിന്ന് പരിഗണന ലഭിക്കുന്നില്ലെന്ന പരാതി മുന്നണിയിൽ ധരിപ്പിച്ചതാണെന്നും എല്ലാത്തിനും അതിന്‍റേതായ സമയമുണ്ടെന്നും ശ്രേയാംസ് കുമാർ പറഞ്ഞു.
എൽ.ഡി.എഫിൽ നിന്നും നേരിടുന്ന അവഗണന വലിയ ചർച്ചയായതാണ്. മുന്നണിയിലെ മറ്റു ഘടകകക്ഷികളെ മന്ത്രിസ്ഥാനത്തേക്ക് പരിഗണിച്ചപ്പോൾ ആർ.ജെ.ഡിയെ മാത്രമാണ് സി.പി.എം പരിഗണിക്കാതിരുന്നത്. ഇതിന് പിന്നാലെ നേതാക്കൾക്കിടയിലും, പ്രവർത്തകർക്കിടയിലും എൽ.ഡി.എഫ് വിടണമെന്ന ആവശ്യം ഉയർന്നിരുന്നു.
പാർലമെൻറ് തെരഞ്ഞെടുപ്പിൽ എംപി സീറ്റ് ആവശ്യപ്പെട്ടെങ്കിലും അതും ലഭിച്ചില്ല. പാർലമെൻറ് സീറ്റും മന്ത്രിസ്ഥാനവും ലഭിക്കാത്ത തങ്ങൾക്ക് രാജ്യസഭാ സീറ്റിന് അർഹതയുണ്ടെന്ന് മുന്നണി യോഗത്തിൽ ആർ.ജെ.ഡി ഉന്നയിച്ചു. പക്ഷേ അതും ഫലം കണ്ടില്ല.