'വലത് കാലിന് ഒരു ചികിത്സയും തേടിയിട്ടില്ല'; സ്വകാര്യ ആശുപത്രിയുടെ വാദം തള്ളി കുടുംബം
രേഖകളിൽ ആശുപത്രി അധികൃതർ തിരിമറി നടത്തിയതായി സംശയിക്കുന്നതായും കുടുംബം
കോഴിക്കോട്: കാലുമാറി ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ ചികിത്സ പിഴവ് ഉണ്ടായിട്ടില്ലെന്ന സ്വകാര്യ ആശുപത്രിയുടെ വാദം തള്ളി കുടുംബം. വലത് കാലിന് ഒരു ചികിത്സയും തേടിയിട്ടില്ല. രേഖകളിൽ ആശുപത്രി അധികൃതർ തിരിമറി നടത്തിയതായി സംശയിക്കുന്നതായും സജ്നയുടെ കുടുംബം ആരോപിച്ചു. സംഭവത്തിൽ ആരോഗ്യ വകുപ്പ് റിപ്പോർട്ട് തേടി.
ഒരു വർഷത്തോളം ഇടതു കാലിന് ചികിത്സ തുടർന്ന ശേഷമാണ് അറുപത് വയസ്സുകാരി സജ്‌നക്ക് ഡോക്ടർ ശസ്ത്രക്രിയ നിശ്ചയിച്ചത്. ശസ്ത്രക്രിയയ്ക്ക് മുന്നോടിയായി ഇടത് കാലിന്റെ പരിശോധന പൂർത്തിയാക്കി അനസ്തേഷ്യയടക്കം നൽകിയിരുന്നു. എന്നാൽ ഡോക്ടർ ഇടത് കാലിന് പകരം വലതു കാലിൽ ശസ്ത്രക്രിയ നടത്തുകയായിരുന്നു. വിവാദമായപ്പോൾ വലതു കാലിന് കുഴപ്പമുണ്ടെന്ന് വരുത്തിതീർക്കാനാണ് ആശുപത്രി അധികൃതർ ശ്രമിക്കുന്നതെന്നും കുടുംബം ആരോപിച്ചു.
ആശുപത്രി മാനേജ്മെന്റ് ചികിത്സരേഖകളിൽ തിരിമറി നടത്തിയതായി സംശയിക്കുന്നതായി മകൾ ഷിംന പറഞ്ഞു. സംഭവത്തിൽ ഡി എം ഒ റിപ്പോർട്ട് തേടി . അന്വേഷണം നടത്തി നാളെ വൈകുന്നേരത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് അഡി. ഡി എം ഒ ക്ക് നിർദേശം നൽകിയത്. സജ്‌നയെ തുടർ ചികിത്സക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.