ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണം: കോൺഗ്രസിൻ്റെ മഹാജനസഭ നാളെ തൃശൂരിൽ

ഒരുലക്ഷത്തിലധികം ഭാരവാഹികളെ പങ്കെടുപ്പിക്കാനാണ് തീരുമാനം

Update: 2024-02-03 01:30 GMT
Advertising

തൃശൂർ: ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് തുടക്കം കുറിച്ച് കോൺഗ്രസിൻ്റെ മഹാജനസഭ നാളെ തൃശൂരിൽ നടക്കും. സമ്മേളനത്തിൽ ബൂത്ത് തലം മുതലുള്ള ഒരുലക്ഷത്തിലധികം ഭാരവാഹികളെ പങ്കെടുപ്പിക്കാനാണ് കോൺഗ്രസ് തീരുമാനം. എ.ഐ.സി.സി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ സമ്മേളനം ഉദ്ഘാടനം ചെയ്യും.

സംസ്ഥാനത്ത് കോണ്‍ഗ്രസിന്റെ ആദ്യഘട്ട പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ എന്ന നിലക്കാണ് നാളെ തൃശൂർ തേക്കിൻകാട് മൈതാനിയിൽ മഹാജനസഭ സംഘടിപ്പിക്കുന്നത്. സംസ്ഥാനത്തെ 25,177 ബൂത്തുകളില്‍നിന്നായി ബൂത്ത് പ്രസിഡന്റ്, വനിതാ വൈസ് പ്രസിഡന്റ്, ബി.എല്‍.എമാര്‍ എന്നിങ്ങനെ മൂന്ന് പേര്‍ അടങ്ങുന്ന 75000ത്തില്‍പ്പരം പ്രവര്‍ത്തകർ യോഗത്തിൽ പങ്കെടുക്കും.

മണ്ഡലം മുതല്‍ എ.ഐ.സി.സി തലം വരെയുള്ള കേരളത്തില്‍ നിന്നുള്ള ഭാരവാഹികളും സമ്മേളനത്തിൻ്റെ ഭാഗമാകും. കോണ്‍ഗ്രസിന്റെ സംഘടനാ ശക്തിതെളിയിക്കുന്ന വലിയ പരിപാടിയായിട്ടാണ് കെ.പി.സി.സി നേതൃത്വം മഹാജനസഭയെ നോക്കിക്കാണുന്നത്. നാളെ വൈകിട്ട് 4.00 മണിക്ക് എ.ഐ.സി.സി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ സമ്മേളനം ഉദ്ഘാടനം ചെയ്യും.

ബൂത്ത് ശാക്തീകരണത്തിലൂടെ കോണ്‍ഗ്രസിന്റെ സംഘടന പ്രവര്‍ത്തനം തെരഞ്ഞെടുപ്പിന് മുമ്പ് ശക്തമാക്കാനാണ് പാർട്ടി ലക്ഷ്യമിടുന്നത്. കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍ അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തില്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എം.പി, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ അടക്കമുള്ള നേതാക്കളും പങ്കെടുക്കും.


Full View


Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News