ലോക്സഭാ തെരഞ്ഞെടുപ്പ്: ഇടുക്കിയിൽ ചർച്ചയായി കാർഷിക - ഭൂ പ്രശ്നങ്ങൾ
അതിരൂക്ഷമായ വന്യജീവി ആക്രമണവും ചർച്ചാവിഷയമാണ്
തൊടുപുഴ: ഇടുക്കി ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇക്കുറിയും കാർഷിക - ഭൂ പ്രശ്നങ്ങൾ ചർച്ചാ വിഷയമാക്കി മുന്നണികൾ. കേന്ദ്ര സർക്കാർ നിലപാടുകൾക്കൊപ്പം സംസ്ഥാന സർക്കാറിന്റെ വിലയിരുത്തൽ കൂടിയാകും ഇത്തവണത്തെ തെരഞ്ഞെടുപ്പ്.
കാലങ്ങളായി പരിഹരിക്കപ്പെടാത്ത പട്ടയപ്രശ്നങ്ങൾ, നിർമാണ നിയന്ത്രണങ്ങൾ, ബഫർസോൺ എന്നിവയടക്കം അതിസങ്കീർണ്ണമാണ് ഇടുക്കിയിലെ ഭൂ പ്രശ്നങ്ങൾ. കേന്ദ്ര സർക്കാറിന് പുറമെ സംസ്ഥാന സർക്കാർ നിലപാടുകളും പ്രശ്നം രൂക്ഷമാക്കിയെന്നാണ് യു.ഡി.എഫിന്റെ ആരോപണം. ഇരു സർക്കാറുകൾക്കുമെതിരെയുള്ള ഭരണവിരുദ്ധവികാരം വോട്ടായി മാറുമെന്നാണ് യു.ഡി.എഫിന്റെ കണക്ക് കൂട്ടൽ.
ഭൂ നിയമ ഭേദഗതിയടക്കം കൊണ്ടുവന്ന് പ്രശ്നങ്ങൾ പരിഹരിക്കാൻ മുൻകൈ എടുത്ത സർക്കാറാണ് കേരളത്തിലേതെന്നും ഭരണവിരുദ്ധ വികാരം കേരളത്തിലില്ലെന്നുമാണ് എൽ.ഡി.എഫിന്റെ വിശദീകരണം. കേന്ദ്ര സർക്കാറിനെതിരെ വിധിയെഴുത്തിൽ വോട്ടർമാർ തങ്ങൾക്കൊപ്പമുണ്ടാകുമെന്ന ആത്മ വിശ്വാസവും എൽ.ഡി.എഫ് ക്യാമ്പിലുണ്ട്. പ്രശ്ന പരിഹാരത്തിന് മോഡി ഗ്യാരണ്ടിയെന്നാണ് എൻ.ഡി.എയുടെ ഉറപ്പ്.
കാർഷിക - ഭൂ പ്രശ്നങ്ങൾക്ക് പുറമെ അതിരൂക്ഷമായ വന്യജീവി ആക്രമണവും ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ ചർച്ചാവിഷയമാകും.