ലോകായുക്ത ബിൽ: നിയമപരമായി നേരിടുമെന്ന് രമേശ് ചെന്നിത്തല

‘അഴിമതിക്കാരെ സംരക്ഷിക്കാനുള്ള നിയമ ഭേദഗതി പല്ലും നഖവും ഉപയോഗിച്ച് തടയും’

Update: 2024-02-29 05:52 GMT
Advertising

തിരുവനന്തപുരം: ലോകായുക്ത ഭേദഗതി ബില്ലിന് രാഷ്ട്രതി അംഗീകാരം നൽകിയ തീരുമാനം ദൗർഭാഗ്യകരമാണെന്ന് ​എ.ഐ.സി.സി പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല. അഴിമതി നിരോധനത്തെ കശാപ്പ് ചെയ്യുന്നതാണ് തീരുമാനം.

കോടതിയിൽ പോയാൽ രാഷ്ട്രപതിയുടെ അംഗീകാരം നിലനിൽക്കില്ല. ഭരണഘടനാ ബെഞ്ചിൻ്റെ വിധികളിൽ ഇത് വ്യക്തമാണ്. അഴിമതിക്കാരെ സംരക്ഷിക്കാനുള്ള നിയമ ഭേദഗതി പല്ലും നഖവും ഉപയോഗിച്ച് തടയും. നിയമപരമായി തന്നെ നേരിടും. ലോക്പാൽ നിലവിൽ വന്നിട്ടും കർശന വ്യവസ്ഥയോടെ ലോകായുക്ത നിയമം കർണാടകയിലുണ്ട്.

കെ.ടി. ജലീൽ മന്ത്രിസ്ഥാനം രാജിവെച്ചപ്പോഴാണ് തങ്ങൾക്കും ഇത് ബാധകമാവുമല്ലോ എന്ന വിചാരമുണ്ടായത്. മുഖ്യമന്ത്രിയെ അടക്കം സംരക്ഷിക്കാനാണ് കേരളത്തിൽ നിയമ ഭേദഗതി കൊണ്ടുവന്നത്. അഴിമതിക്കാരെ സംരക്ഷിക്കാനാണ് മന്ത്രി പി. രാജീവ് ശ്രമിക്കുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

കെ.പി.സി.സി പ്രസിഡൻ്റ് കെ. സുധാരകന് മത്സരിക്കാൻ താത്പര്യമില്ലെന്ന് അദ്ദേഹം നേരത്തെ തന്നെ പറഞ്ഞതാണ്. കോൺഗ്രസ് സ്ക്രീനിങ് കമ്മിറ്റി കൂടി ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കും.

ഈ ആഴ്ച തന്നെ സ്ഥാനാർഥി പട്ടിക വരും. സംസ്ഥാനത്ത് യു.ഡി.എഫിന് അനുകൂലമായ അന്തരീക്ഷമാണ്. കലക്ക വെള്ളത്തിൽ മീൻ പിടിക്കാനാണ് ഇ.പി. ജയരാജൻ ശ്രമിച്ചത്. മുസ്‍ലിം ലീഗുമായി യാതൊരു പ്രശ്നവുമില്ല. എൽ.ഡി.എഫിന് ഈ തെരഞ്ഞെടുപ്പിൽ ഒരു നേട്ടവും ഉണ്ടാകില്ലെന്നും ര​മേശ് ചെന്നിത്തല വ്യക്തമാക്കി. 

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News