'ആശാനെ മെസ്സി ചതിച്ചില്ല'; ബ്രസീല്‍ എന്തുകൊണ്ട് തോറ്റെന്ന് മനസ്സിലാക്കി തിരുത്തല്‍ നടപടിയെടുത്താല്‍ തിരിച്ചുവരാമെന്ന് എം എം മണി
മലപ്പുറത്തായിരിക്കും ഏറ്റവും ആഹ്ലാദം. ബ്രസീല്‍ തോറ്റു എന്നതുകൊണ്ട് അവരോട് അവഗണന ഒന്നുമില്ല. അവരും നന്നായി കളിച്ചെന്ന് എം എം മണി
കോപ്പ അമേരിക്ക കിരീടം മെസ്സിയും കൂട്ടരും സ്വന്തമാക്കിയതിന്‍റെ ആഹ്ലാദത്തിലാണ് മുന്‍ മന്ത്രി എം എം മണി. അര്‍ജന്‍റീന ജയിക്കുമെന്ന് മനസ്സ് പറഞ്ഞു. അതുകൊണ്ടാണ് അര്‍ജന്‍റീന ജയിക്കുമെന്ന് താന്‍ നേരത്തെ പറഞ്ഞതെന്നും ജയിച്ചതില്‍ സന്തോഷമെന്നും എം എം മണി മീഡിയവണിനോട് പറഞ്ഞു.
"ബ്രസീല്‍ നന്നായി കളിച്ചു. അവര്‍ ഒരു ഗോളിനല്ലേ തോറ്റത്. അവര്‍ കൂടുതല്‍ കരുത്തോടെ തിരിച്ചുവരാന്‍ നോക്കുക. അങ്ങനല്ലേ? ഇതൊരു മത്സരവാ. ഇതിനകത്ത് വിദ്വേഷത്തിന്‍റെ ഒന്നും പ്രശ്നമില്ലല്ലോ"
മെസ്സി ഗോള്‍ നേടാത്തതില്‍ വിഷമമുണ്ടോ എന്ന് ചോദിച്ചപ്പോള്‍ വ്യക്തിപരമായ പ്രശ്നമൊന്നും ഇല്ല ഇക്കാര്യത്തില്‍ എന്നായിരുന്നു മറുപടി. ടീം എന്ന നിലയിലേ കാണുന്നുള്ളൂ. ഗോള്‍ അടിക്കുക എന്നത് കളിക്കളത്തില്‍ അപ്പോഴത്തെ സാഹചര്യം പോലെയല്ലേ. ചിലപ്പോള്‍ ജൂനിയറായ കളിക്കാര്‍ ഗോള്‍ അടിച്ചെന്ന് വരും. ടീമിനെ നയിച്ചത് മെസ്സിയല്ലേ? ആ ക്രെഡിറ്റ് ഉണ്ടല്ലോയെന്നും എം എം മണി പറഞ്ഞു.
കടകംപള്ളിയും ശിവന്‍കുട്ടിയുമെല്ലാം ബ്രസീല്‍ ജയിക്കുമെന്നാണല്ലോ പറഞ്ഞതെന്ന് ചോദിച്ചപ്പോള്‍ അവര്‍ക്ക് തോന്നിയത് അവര്‍ പറഞ്ഞു. തനിക്ക് തോന്നിയത് താന്‍ പറഞ്ഞു എന്നായിരുന്നു മറുപടി. ഇന്നിപ്പം വേറൊന്നും തോന്നേണ്ട കാര്യമില്ല. ജയിച്ചവര്‍ നന്നായി കളിച്ചു. അവരെ അഭിനന്ദിക്കുക എന്നത് മാത്രമേ വഴിയുള്ളൂ. ബ്രസീല്‍ എന്തുകൊണ്ട് തോറ്റു എന്ന് ആലോചിച്ച് തിരുത്തല്‍ നടപടി സ്വീകരിച്ചാല്‍ തിരിച്ചുവരാമെന്നും എം എം മണി പറഞ്ഞു.
ലോകത്ത് മുഴുവന്‍ ഇന്ന് സന്തോഷമായിരിക്കും. മലപ്പുറത്തായിരിക്കും ഏറ്റവും ആഹ്ലാദം. മലപ്പുറംകാര്‍ വലിയ ആവേശഭരിതരാണ്. ബ്രസീല്‍ തോറ്റു എന്നതുകൊണ്ട് അവരോട് അവഗണന ഒന്നുമില്ല. അവരും നന്നായി കളിച്ചെന്ന് എം എം മണി പറഞ്ഞു.