വീട് വാടകയ്‌ക്കെടുത്ത് വ്യാജ നോട്ട് നിർമ്മാണം; പ്രതിയെ ഇനിയും കണ്ടെത്താനായില്ല
ഇയാൾ താമസിച്ചിരുന്ന മുറികളിൽ നിന്നും 2000, 500, 100 തുടങ്ങിയ നോട്ടുകളുടെ നൂറിലധികം പ്രിന്റുകള് പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്
പത്തനംതിട്ട: അടൂർ ഏഴകുളത്തെ വീട്ടിൽ നിന്നും കള്ളനോട്ട് പിടികൂടി. വീട് വാടകയ്‌ക്കെടുത്ത് വ്യാജനോട്ട് അച്ചടിച്ച പത്തനാപുരം സ്വദേശി ആസിഫിനായി പൊലീസ് അന്വേഷണം ആരംഭിച്ചു. ആറ് മാസം മുമ്പ് വീട് വാടകയ്‌ക്കെടുത്ത ഇയാള് പ്രിന്റിംഗ് മെഷീന്‍ ഉപയോഗിച്ചാണ് വ്യാജനോട്ട് നിർമ്മിച്ചത്.
ഏഴകുളം പ്ലാന്റേഷന് മുക്കിലുള്ള തുവാന് റാവുത്തറുടെ വീട്ടിൽ നിന്നുമാണ് കള്ളനോട്ടുകൾ കണ്ടെത്തിയത്. ആറ് മാസം മുന്പ് വീടിന്റെ മുകൾനില വാടകയ്‌ക്കെടുത്ത പത്തനാപുരം , മാങ്കോട് സ്വദേശി ആസിഫ് വ്യാജനോട്ടുകൾ അച്ചടിച്ചിരുന്നതായാണ് പൊലീസ് പറയുന്നത്. ബുക്ക് പ്രിന്റിംഗ് ബിസിനസ് ചെയ്യുവെന്ന് പറഞ്ഞാണ് ഇയാൾ വീട് വാടയ്‌ക്കെടുത്ത്. എന്നാൽ ഒന്നര മാസം മാത്രമാണ് ആസിഫ് ഏഴംകുളത്തെ വീട്ടിൽ താമസിച്ചത്. ഇയാളെ കാണാതിരുന്നതിനെ തുടർന്ന് കഴിഞ്ഞ ദിവസം ഉടമസ്ഥൻ നടത്തിയ പരിശോധനയിലാണ് വ്യാജ നോട്ടുകൾ കണ്ടെത്തിയത്.
2000, 500, 100 തുടങ്ങിയ നോട്ടുകളുടെ നൂറിലധികം പ്രിന്റുകള് പൊലീസ് ഇയാൾ താമസിച്ചിരുന്ന മുറികളിൽ നിന്നും പിടിച്ചെടുത്തിട്ടുണ്ട്.സംഭവത്തിൽ കേസ് എടുത്ത് അന്വേഷണം ആരംഭിച്ചെങ്കിലും മാസങ്ങളായി ആസിഫ് ഒളിവാലാണെന്നാണ് അടൂർ പൊലീസ് നല്കുന്ന വിശദീകരണം.