മലപ്പുറത്തെ സീറ്റ് പ്രതിസന്ധി വിദഗ്‌ധസമിതി കണ്ടെത്തി, പൊളിഞ്ഞുവീണത് മന്ത്രിയുടെ കള്ളക്കണക്കുകൾ; എസ്.കെ.എസ്.എസ്.എഫ്
വിദ്യാർത്ഥികളുടെ പ്രശ്നത്തിന് പരിഹാരം കാണാനുള്ള അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി ജനറൽ സെക്രട്ടറി ഒ.പി അഷ്റഫ് കുറ്റിക്കടവ് ആവശ്യപ്പെട്ടു
മലപ്പുറം: മലപ്പുറത്തെ പ്ലസ് വൺ പ്രതിസന്ധി സർക്കാർ നിശ്ചയിച്ച രണ്ടംഗ സമിതി കണ്ടെത്തിയതായി എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി ജനറൽ സെക്രട്ടറി ഒ.പി അഷ്റഫ് കുറ്റിക്കടവ്. മലപ്പുറത്ത് പ്ലസ് വൺ പ്രതിസന്ധിയുണ്ടെന്ന് ഒടുവിൽ സർക്കാർ നിശ്ചയിച്ച രണ്ടംഗ സമിതി കണ്ടെത്തിയിരിക്കുന്നു. ഇതോടെ മന്ത്രിയുടെ കള്ളക്കണക്കുകൾ കൂടിയാണ് പൊളിഞ്ഞ് വീണിരിക്കുന്നതെന്നും അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.
എഫ്ബി പോസ്റ്റിന്റെ പൂർണരൂപം:-
മലപ്പുറത്ത് പ്ലസ് വൺ പ്രതിസന്ധിയുണ്ടെന്ന് ഒടുവിൽ സർക്കാർ നിശ്ചയിച്ച രണ്ടംഗ സമിതി കണ്ടെത്തിയിരിക്കുന്നു. ഇത് അറിയാവുന്നതിന്റെ അടിസ്ഥാനത്തിൽ പരിഹാരത്തിനായുള്ള ആവശ്യം മാസങ്ങളായി ഉന്നയിച്ചു കൊണ്ടിരിക്കുന്ന എസ്കെഎസ്എസ്എഫ് ഉൾപ്പെടെയുള്ള വിവിധ സംഘടനകളുടെ മുന്നറിയിപ്പുകൾ അവഗണിച്ച്,
കഴിഞ്ഞ വർഷങ്ങളിൽ സീറ്റ് ഒഴിഞ്ഞു കിടക്കുകയായിരുന്നുവെന്ന് പറഞ്ഞ്, അധിക ബാച്ചിനായുള്ള ആവശ്യം തള്ളിയ മന്ത്രിയുടെ കള്ളക്കണക്കുകൾ കൂടിയാണ് ഇപ്പോൾ പൊളിഞ്ഞ് വീഴുന്നത്. മലബാറിൽ 18 ,127 സീറ്റുകളുടെ കുറവുണ്ടെന്നാണ് സമിതിയുടെ റിപ്പോർട്ട്. അതിനാൽ തന്നെ അധിക ബാച്ചിന് സമിതി ശുപാർശ ചെയ്തിട്ടുണ്ട്.
സർക്കാറിൻ്റെ മുമ്പിലുള്ള കണക്കനുസരിച്ച് ആദ്യമേ ഇതറിയാമായിരുന്നിട്ടും പരിഹാരം കാണാതിരുന്നത് പല വിദ്യാർത്ഥികളുടെയും ഭാവിയെ ബാധിക്കുന്നതായി മാറി. മൂന്നാം അലോട്ട്മെൻ്റ് വന്നിട്ടും തങ്ങൾക്ക് ഇഷ്ടപ്പെട്ട കോഴ്സും സ്കൂളും കിട്ടാത്തതിൻ്റെ പേരിൽ അഡ്മിഷനെടുക്കാതിരുന്ന വിദ്യാർത്ഥികൾക്ക് VHSE ക്ക് മാത്രമാണ് അവസരം നൽകുന്നത് എന്നാണ് മനസ്സിലാക്കാൻ പറ്റിയത്.
അങ്ങിനെയെങ്കിൽ അതും ചരിത്രത്തിൽ തുല്യതയില്ലാത്ത നീതികേടും വിദ്യാർഥികളോട് ചെയ്യുന്ന വഞ്ചനയുമാണ്. യോഗ്യത നേടിയ വിദ്യാർത്ഥികൾക്കനുസരിച്ച് സീറ്റുകൾ ഉറപ്പ് വരുത്തേണ്ടത് സർക്കാറിൻ്റെ ബാധ്യതയായിരുന്നു. തെക്കൻ ജില്ലകളിൽ പ്ലസ് വൺ സീറ്റുകൾ ഇപ്പോഴും ഒഴിഞ്ഞു കിടക്കുന്നതിനാൽ വിദ്യാർത്ഥികൾക്കായി അധ്യാപകരും മാനേജ്മെൻ്റും നെട്ടോട്ടമോടുന്ന സാഹചര്യം ഇതിൻറെ പരിഹാസ്യമായ മറുവശമാണ്.
തെക്കൻ ജില്ലകളിൽ ഒഴിഞ്ഞ് കിടക്കുന്നത് 12,777 സീറ്റുകളാണ്. ആകെ കണക്ക് തെറ്റിയ മന്ത്രി ഇനിയെങ്കിലും അത് സമ്മതിച്ച് പുതിയ കണക്കുകളുമായി വരാതെ വിദ്യാർത്ഥികളുടെ പ്രശ്നത്തിന് പരിഹാരം കാണാനുള്ള അടിയന്തര നടപടികൾ സ്വീകരിക്കണം.