'ശാഖാ പ്രമുഖ് ആകേണ്ടയാളെ കോൺഗ്രസിന്റെ വേദിയിൽ ആനയിക്കേണ്ട'; ഗവർണറെ ബഹിഷ്‌കരിക്കാൻ മലപ്പുറം യൂത്ത് കോൺഗ്രസ്
പി.ടി മോഹനകൃഷ്‌ണൻ അനുസ്മരണ പരിപാടിയിൽ ഗവർണറെ പങ്കെടുപ്പിക്കരുതെന്ന് യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ലാ പ്രസിഡന്റ് ഹാരിസ് മുതൂർ ആവശ്യപ്പെട്ടു
മലപ്പുറം: ഗവർണറെ ബഹിഷ്‌കരിക്കാൻ യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ലാ കമ്മിറ്റി. കോൺഗ്രസ് മുൻ എംഎൽഎ പി.ടി മോഹനകൃഷ്‌ണൻ അനുസ്മരണ പരിപാടിയിൽ ഗവർണറെ പങ്കെടുപ്പിക്കരുതെന്ന് യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു. ശാഖാ പ്രമുഖ് ആക്കേണ്ട ഒരാളെ കോൺഗ്രസിന്റെ പ്രചാരണത്തിന് വേദിയാകേണ്ട ഇടത്ത് പ്രതിഷ്ഠിക്കരുതെന്ന് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഹാരിസ് മുതൂർ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റ്:-
ആരിഫ് ഖാനെ പൊന്നാനിയിലേക്ക് ആനയിക്കരുത്
ജീവിതത്തിലുടനീളം കറകളഞ്ഞ മതേതരവാദിയും അതിലുപരി ജനാധിപത്യ സൗന്ദര്യം രാഷ്ട്രീയത്തിലും വ്യക്തി ജീവിതത്തിലും പുലർത്തിയ നേതാവായിരുന്നു പി.ടി മോഹനകൃഷ്ണൻ. അത് തന്നെയാണ് കേരളീയ മനസ്സിലും പൊന്നാനിയിലെയും മലപ്പുറത്തെയും ജനങ്ങളിലും അദ്ദേഹത്തിനുള്ള സ്ഥാനം. സംഘ് പരിവാറിനെയും അതിന്റെ ആശയത്തെയും തന്റെ ജീവിത പരിസരത്തേക്ക് അടുക്കാൻ അദ്ദേഹം ഒരവസരം കൊടുത്തില്ല, എന്നാൽ അദ്ദേഹത്തിന്റെ നാമധേയത്തിലുള്ള അവാർഡ് നൽകാൻ കേരളത്തിന്റെ ഗവർണർ എന്നതിലുപരി സംഘ് പരിവാർ ജിഹ്വയായ ആരിഫ് മുഹമ്മദ് ഖാൻ ക്ഷണിക്കപ്പെടുമ്പോൾ മരണാനന്തരം പി ടി മോഹനകൃഷ്ണന്റെ രാഷ്ട്രീയ ആദർശ ജീവിതം റദ്ദ് ചെയ്യപ്പെടുകയാണ്. അതിന് ഒരിക്കലും അദ്ദേഹത്തിന്റെ പേരിലുള്ള ട്രസ്റ്റ് തുനിയരുതെന്നും അവാർഡ് നൽകുവാൻ ആരിഫ് മുഹമ്മദ് ഖാനെ ക്ഷണിക്കുവാനുള്ള തീരുമാനത്തിൽ പുനർവിചിന്തനം ചെയ്യണമെന്ന് ആവശ്യപ്പെടുന്നു.
ഇന്ത്യയിൽ കോൺഗ്രസിതര ഗവൺമെന്റുകൾ ഭരിക്കുകയും അവർ നിയമിക്കുകയും ചെയ്ത ഗവർണർമാരുണ്ടായിരുന്നു, പക്ഷേ ഇത്രയും തരംതാഴ്ന്ന ഗവർണർ കേരളത്തിൽ പദവിയിലിരുന്നിട്ടില്ല. അറ്റൻഷൻ സീക്കിംഗും സംഘ് പരിവാർ അജണ്ടയും ഒന്നിച്ചു കൂട്ടി മുറുക്കി അദ്ദേഹം കേരളീയ ജനാധിപത്യ പരിസരത്തിൽ കാറിത്തുപ്പി മലീമസമാക്കുന്ന കാഴ്ച ദിനേന നാം കണ്ടു കൊണ്ടിരിക്കുന്നുണ്ട്.
സർവ്വകലാശാലകളിലേക്ക് കാവിപ്പരവതാനി വിരിക്കാനുള്ള ശ്രമം നിരന്തരം അദ്ദേഹം നടത്തുന്നത് നാം കാണുന്നുണ്ട്. ഗവർണർ പീഢത്തിന് പകരം കുറുവടിയേന്തി ശാഖാ പ്രമുഖ് ആക്കേണ്ട ഒരാളെ കോൺഗ്രസിന്റെ മതേതര ആശയ പ്രചാരണത്തിന് വേദിയാകേണ്ട ഇടത്ത് പ്രതിഷ്ഠിക്കരുതെന്നാണ് ആഗ്രഹിക്കുന്നത്. സംഘാടകർ പുനർവിചിന്തനത്തിന് മുതിരുന്നത് നല്ലതായിരിക്കും.