ഇസ്രായേലിലേക്ക് തീർത്ഥാടന യാത്ര പോയ സംഘത്തിൽ നിന്നും വീണ്ടും മലയാളികൾ മുങ്ങി
അൽ ഹിന്ദ് എന്ന ട്രാവൽ ഏജൻസിയിൽ നിന്നും യാത്ര പോയ സംഘത്തിലെ അഞ്ച് പേരാണ് അപ്രത്യക്ഷരായത്.
തിരുവനന്തപുരം: ഇസ്രായേലിലേക്ക് തീർത്ഥാടന യാത്ര പോയ സംഘത്തിൽ നിന്നും വീണ്ടും മലയാളികൾ മുങ്ങിയതായി പരാതി. അൽ ഹിന്ദ് എന്ന ട്രാവൽ ഏജൻസിയിൽ നിന്നും യാത്ര പോയ സംഘത്തിലെ അഞ്ച് പേരാണ് അപ്രത്യക്ഷരായത്. ഇവർ മുങ്ങിയതോടെ സംഘത്തിലെ മറ്റ് അംഗങ്ങൾക്ക് ബുദ്ധിമുട്ട് നേരിടേണ്ടി വന്നതായും പരാതിയുണ്ട്.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് വിശുദ്ധ സ്ഥലങ്ങൾ സന്ദർശിക്കുന്നതിനായി 35 അംഗ സംഘം കേരളത്തിൽനിന്ന് യാത്ര തിരിച്ചത്. ജോർദാൻ, ഇസ്രായേൽ, ഫലസ്തീൻ, ഈജിപ്ത് എന്നീ രാജ്യങ്ങളിലേക്ക് ആയിരുന്നു യാത്ര. ഇസ്രായേലിലെ സന്ദർശനം പൂർത്തിയാക്കി ഈജിപ്തിലേക്ക് യാത്ര തിരിക്കാൻ ഒരുങ്ങുമ്പോഴാണ് സംഘത്തിലെ അഞ്ച് പേരെ കാണാനില്ല എന്ന കാര്യം മനസ്സിലാകുന്നത്.
കോഴിക്കോട് വടകര സ്വദേശികളായ രണ്ട് സ്ത്രീകളും രണ്ട് പുരുഷന്മാരും മലപ്പുറം അത്താണിക്കൽ സ്വദേശിയായ ഒരാളുമാണ് ഇസ്രായേലിൽ വച്ച് സംഘത്തിൽ നിന്നും മുങ്ങിയത്. ഇതോടെ മറ്റുള്ളവർ വഴിയാധാരമായി. കാണാതായവർക്ക് വേണ്ടി സർക്കാരിൽ അടയ്ക്കേണ്ട പിഴ മറ്റുള്ളവർ നൽകണമെന്ന് ഇസ്രായേലിലെ ടൂർ ഏജൻസി അറിയിച്ചു. പണം അൽ ഹിന്ദ് ഏജൻസി നൽകാമെന്ന് ഉറപ്പ് ലഭിച്ച ശേഷമാണ് സംഘത്തിന്റെ യാത്ര പുനരാരംഭിച്ചത്.
ഇത്തരം തട്ടിപ്പുകൾ ദീർഘനാളായി നടക്കുന്നുണ്ട് എന്നാണ് ട്രാവൽ ഏജൻസികൾ പറയുന്നത്. നിലവിൽ ഈജിപ്തിലെ കെയ്റോയിൽ ആണ് സംഘത്തിലെ ബാക്കി പേർ ഉള്ളത്. ഓഗസ്റ്റ് മൂന്നാം തീയതി ഇവർ യാത്ര പൂർത്തിയാക്കി കേരളത്തിൽ മടങ്ങിയെത്തും എന്ന് അൽ ഹിന്ദ് ഏജൻസി അറിയിച്ചു.