പൊലീസുകാർ ഷോക്കേറ്റു മരിച്ച സംഭവം; മൃതദേഹം മാറ്റാൻ സഹായിച്ച ഒരാൾ അറസ്റ്റിൽ
മുട്ടിക്കുളങ്ങര സ്വദേശി സജിയാണ് അറസ്റ്റിലായത്
പാലക്കാട്: പാലക്കാട് മുട്ടിക്കുളങ്ങര കെ.എ.പി ക്യാമ്പിലെ പൊലീസ് ഉദ്യോഗസ്ഥരുടെ മരണത്തിൽ ഒരാൾ കൂടി അറസ്റ്റിലായി. മുട്ടിക്കുളങ്ങര സ്വദേശി സജിയാണ് അറസ്റ്റിലായത്. പൊലീസുകാരുടെ മൃതദേഹം മാറ്റാൻ മുഖ്യപ്രതിയെ സഹായിച്ചത് സജിയെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. പ്രതിയെ ഉടൻ കോടതിയിൽ ഹാജറാക്കും
മെയ് 19നാണ് മുട്ടിക്കുളങ്ങര ക്യാമ്പിലെ ഹവിൽദാർമാരായ അശോക്, മോഹൻദാസ് എന്നിവരെ ഷോക്കേറ്റ് മരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ വയലുടമ എം.സുരേഷ് നേരത്തെ അറസ്റ്റിലായിരുന്നു. നരഹത്യ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്.
പന്നിക്ക് വച്ച വൈദ്യുതി കെണിയിൽ നിന്നാണ് ഹവിൽദാറുമാരായ അശോകനും മോഹൻദാസിനും ഷോക്കേറ്റത്. പ്രതിയായ സുരേഷ് പന്നി വേട്ടക്കായി വീടിൻറെ അടുക്കളയിൽ നിന്നും ഇരുമ്പ് കമ്പിയിലേക്ക് വൈദ്യൂതി കണക്ഷൻ നൽകി. ഇതിൽ പൊലീസുകാർ അകപ്പെടുകയായിരുന്നു. നരഹത്യ, തളിവ് നശിപ്പിക്കൽ , അനധികൃതമായി വൈദ്യൂതി ഉപയോഗം ഉൾപ്പെടെയുളള വകുപ്പുകൾ ചേർത്താണ് സുരേഷിനെ അറസ്റ്റ് ചെയ്തത്. താൻ തനിച്ചാണ് മൃതദേഹം മാറ്റിയതെന്നായിരുന്നു സുരേഷ് നൽകിയ മൊഴി. കാട്ടുപന്നികളെ വേട്ടയാടി മാംസം വിൽക്കുകയാണ് പ്രതി ലക്ഷ്യം വെച്ചത് . 2016ൽ കാട്ടുപന്നികളെ വേട്ടയാടിയ കേസിൽ സുരേഷിനെതിരെ വനംവകുപ്പ് കേസുണ്ട്.