തൃശൂരിൽ കുഴൽക്കിണർ കുഴിക്കലിനിടെ തർക്കം; 60കാരന് വെട്ടേറ്റു; പ്രതി ഒളിവിൽ
കുഴൽക്കിണർ കുഴിച്ചപ്പോൾ പുറത്തുവന്ന ചളിവെള്ളം ഏലിയാസിന്റെ വീട്ടുവളപ്പിലേക്ക് കയറി. ഇതാണ് ആക്രമണ കാരണം.


തൃശൂർ: കല്ലമ്പാറയിൽ കുഴൽക്കിണർ കുഴിക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനിടെ 60കാരന് വെട്ടേറ്റു. കല്ലമ്പാറ കൊച്ചുവീട്ടിൽ മോഹനനാണ് വെട്ടേറ്റത്. സംഭവത്തിൽ പ്രതിക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി. പ്രദേശവാസിയായ ഏലിയാസ് എന്നയാളാണ് മോഹനനെ ആക്രമിച്ചത്.
ഇന്നലെ ഉച്ചയ്ക്കു ശേഷമാണ് സംഭവം. കുഴൽക്കിണർ കുഴിച്ചപ്പോൾ പുറത്തുവന്ന ചളിവെള്ളം ഏലിയാസിന്റെ വീട്ടുവളപ്പിലേക്ക് കയറി. ഇതിൽ പ്രകോപിതനായ ഏലിയാസ് വീട്ടിൽനിന്ന് വാക്കത്തി എടുത്തുകൊണ്ടുവന്ന് മോഹനനെ വെട്ടുകയായിരുന്നു.
വെട്ട് തടുത്തതോടെ മോഹനന്റെ കൈയിൽ മുറിവേറ്റു. സംഭവത്തിനു പിന്നാലെ ഏലിയാസ് ഒളിവിൽ പോവുകയായിരുന്നു. ഇയാൾ എവിടെയാണെന്ന് പൊലീസിന് കണ്ടെത്താനായിട്ടില്ല. തിരച്ചിൽ ഊർജിതമാണ്.
പരിക്കേറ്റ മോഹനൻ തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. നേരത്തെയും ഇവിടെ കുടിവെള്ളവുമായി ബന്ധപ്പെട്ട് ചില പ്രശ്‌നങ്ങൾ നിലനിന്നിരുന്നതായി നാട്ടുകാർ പറയുന്നു.