യുവാവിന്റെ തിരോധാനം: പെൺസുഹൃത്തിന്റെ ബന്ധുക്കളടക്കം മൂന്നുപേർക്കെതിരെ കേസെടുത്തു
കിരണിനായി മൂന്ന് ദിവസമായി തെരച്ചിൽ തുടരുകയാണ്
തിരുവനന്തപുരം: നരുവാമൂട് സ്വദേശി കിരണിനെ കാണാതായെന്ന പരാതിയിൽ സുഹൃത്തായ യുവതിയുടെ ബന്ധുക്കൾ ഉൾപ്പടെ മൂന്ന് പേർക്കെതിരെ കേസെടുത്തു. കിരണിനായി മൂന്ന് ദിവസമായി തെരച്ചിൽ തുടരുകയാണ്.വിഴിഞ്ഞം, ആഴിമല ഭാഗത്തേയും സമീപ പ്രദേശങ്ങളിലേയും സി.സി.ടി.വികൾ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം. കിരണ്‍ ഓടിപ്പോകുന്നതായുള്ള സി.സി.ടി.വി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്.
സുഹൃത്തിന്റെ സഹോദരൻ,സഹോദരിയുടെ ഭർത്താവ്, മറ്റൊരു സുഹൃത്ത് എന്നിവർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. കേസെടുത്തിട്ടുള്ള മൂന്നുപേരും ആ ഒളിവിലാണെന്നാണ് പൊലീസ് ഇപ്പോൾ പറയുന്നത്. മൂന്ന് പേർക്കായുള്ള അന്വേഷണം തുടരുകയാണ്.
ശനിയാഴ്ച ഉച്ചക്ക് ശേഷമാണ് കിരണിനെ കാണാതായത്. കിരണിന്റെ ചെരുപ്പ് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് കടലിൽ പൊലീസിൻറെ നേതൃത്വത്തിലുള്ള തെരച്ചിൽ തുടരുന്നത്.