ഏതുനിമിഷവും തകര്‍ന്നുവീഴാവുന്ന അവസ്ഥയില്‍ മന്ദിരംപടി ലക്ഷംവീട് കോളനി; ഒരേസമയം രണ്ടുവീടുകള്‍ നവീകരിക്കാന്‍ പറ്റില്ലെന്ന് പഞ്ചായത്ത്
കോളനിയിലെ വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയായിട്ട് 50 വര്‍ഷത്തിലധികമായി
പത്തനംതിട്ട: ഏതുനിമിഷവും തകര്‍ന്നുവീഴാവുന്ന അവസ്ഥയിലാണ് പത്തനംതിട്ട റാന്നി മന്ദിരംപടി ലക്ഷംവീട് കോളനിയിലെ വീടുകള്‍. വരാനിരിക്കുന്ന മഴക്കാലത്തു വീടുകള്‍ തകര്‍ന്ന് പോകുമോയെന്ന ആശങ്കയിലാണ് കോളനി നിവാസികള്‍.
കോളനിയിലെ വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയായിട്ട് 50 വര്‍ഷത്തിലധികമായി. ഏതു നിമിഷവും തകര്‍ന്നു വീഴാവുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഭിത്തികള്‍ തറകളില്‍ നിന്നും വിട്ട് മാറി നില്‍ക്കുന്ന അപകടകരമായ സാഹചര്യമാണ്. മഴപെയ്താല്‍ ചോര്‍ച്ചയും നേരിടേണ്ടി വരുന്നു.
വീട് നവീകരിച്ചു നല്‍കാന്‍ മന്ത്രിക്ക് അടക്കം അപേക്ഷ നല്‍കിയെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ലെന്ന് കോളനി നിവാസികള്‍ പറഞ്ഞു. ഇനിയൊരു മഴക്കാലം കൂടി ഈ വീടുകള്‍ അതിജീവിക്കുമോ എന്ന ആശങ്കയിലാണ് കോളനി നിവാസികള്‍.
വിഷയത്തില്‍ സര്‍ക്കാരിന്റെ അടിയന്തര ഇടപെടലാണ് ഇവരുടെ ആവശ്യം. ഒരു വീടിനെ വീതിച്ച് രണ്ടു കുടുംബങ്ങളായാണ് ഇവര്‍ താമസിക്കുന്നത്.
എന്നാല്‍ ഒരേസമയം രണ്ടു വീടുകള്‍ നവീകരിക്കാന്‍ കഴിയില്ലെന്ന് പഞ്ചായത്ത് അധികൃതര്‍ പറഞ്ഞു. അതിനാല്‍ ഹൗസിംഗ് ബോര്‍ഡിന് അപേക്ഷ സമര്‍പ്പിച്ചെന്നും അവിടെ നിന്നും വരുന്ന കാലതാമസമാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്തുമാണ് പഞ്ചായത്ത് അധികൃത വിശദീകരിക്കുന്നത്.