കണ്ണൂര്‍ ലീഗിലെ കൂട്ടരാജി; കുഞ്ഞാലിക്കുട്ടി നടത്തിയ അനുനയ ചര്‍ച്ച പരാജയം
കൂത്തുപറമ്പ് മണ്ഡലം പ്രസിഡന്റ് പൊട്ടങ്കണ്ടി അബ്ദുല്ല അടക്കമുള്ളവരാണ് ഭാരവാഹിത്വം രാജിവെച്ചത്
കണ്ണൂർ മുസ്‍ലിം ലീഗിൽ കൂട്ടരാജി. കൂത്തുപറമ്പ് മണ്ഡലം പ്രസിഡന്റ് പൊട്ടങ്കണ്ടി അബ്ദുല്ല അടക്കമുള്ളവർ ഭാരവാഹിത്വം രാജിവെച്ചു. പാർട്ടിയിലെ പ്രാദേശിക വിഭാഗീയതയാണ് രാജിക്ക് കാരണം.
കൂത്തുപറമ്പിൽ ലീഗിനുള്ളിൽ ഏറെ കാലമായി നിലനിൽക്കുന്ന വിഭാഗീയതയാണ് പൊട്ടിത്തെറിയിലേക്ക് നീങ്ങിയത്. ലീഗ് നിയന്ത്രണത്തിലുള്ള കല്ലിക്കണ്ടി എൻഎംഎം കോളജിന്‍റെ ഭരണവുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് നിലവിൽ നേതാക്കളുടെ രാജിയിലേക്ക് നയിച്ചതെന്നാണ് സൂചന. മണ്ഡലം കമ്മിറ്റിയെ അറിയിക്കാതെ കഴിഞ്ഞ ദിവസം കോളജിൽ നടത്തിയ പരിപാടിയിൽ ലീഗ് നേതാവ് ഇ.ടി മുഹമ്മദ് ബഷീർ പങ്കെടുത്തതും വിവാദമായിരുന്നു. ഇതിനെതിരെ ഒരു വിഭാഗം സംസ്ഥാന നേതൃത്വത്തിന് പരാതി നൽകുകയും ചെയ്തു. എന്നാൽ നടപടി ഉണ്ടാകാതെ വന്നതോടെയാണ് മണ്ഡലം പ്രസിഡന്റ് പൊട്ടങ്കണ്ടി അബ്ദുല്ല അടക്കമുള്ളവർ ഭാരവാഹിത്വം രാജി വെച്ചത്.
ജില്ലാ കമ്മിറ്റി അംഗം വി നാസർ, മണ്ഡലം ജനറല്‍ സെക്രട്ടറി പി.കെ ഷാഹുൽ ഹമീദ്, മണ്ഡലം വൈസ് പ്രസിഡന്‍റുമാര്‍, സെക്രട്ടറിമാർ തുടങ്ങിയവരും രാജി നൽകിയിട്ടുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കൂത്തുപറമ്പിലെ യു.ഡി.എഫ് സ്ഥാനാർഥി കൂടിയായിരുന്നു പൊട്ടങ്കണ്ടി അബ്ദുല്ല. രാജിക്ക് പിന്നാലെ പി.കെ കുഞ്ഞാലിക്കുട്ടി അടക്കമുള്ള നേതാക്കൾ കൂത്തുപറമ്പിൽ എത്തി ഇവരുമായി അനുനയ ചർച്ച നടത്തി. എന്നാൽ തീരുമാനത്തിൽ മാറ്റമില്ലന്ന നിലപാടിലാണ് പൊട്ടങ്കണ്ടിയെ അനുകൂലിക്കുന്ന വിഭാഗം.