കോഴിക്കോട് ആനക്കുഴിക്കരയിലെ വ്യവസായശാലയിൽ വൻ തീപിടിത്തം
അഞ്ച് യൂണിറ്റ് ഫയർഫോഴ്‌സ് സ്ഥലത്തെത്തിയിട്ടുണ്ടെങ്കിലും തീ നിയന്ത്രണ വിധേയമാക്കാനായിട്ടില്ല
കോഴിക്കോട്: ആനക്കുഴിക്കരയിലെ വ്യവസായശാലയിൽ വൻ തീപിടിത്തം. പ്ലാസ്റ്റിക് മാലിന്യം റീസൈക്കിൾ ചെയ്യുന്ന വ്യവസായശാലയിലാണ് ഇന്ന് വൈകിട്ടോടെ തീപിടിത്തമുണ്ടായത്. ഫയർഫോഴ്‌സ് എത്തി തീയണയ്ക്കാൻ ശ്രമം തുടരുകയാണ്.
ഫാക്ടറിയിൽ മാലിന്യങ്ങൾ കൂട്ടിയിട്ടിരുന്ന സ്ഥലത്താണ് തീപിടിത്തമുണ്ടായതെന്നാണ് വിവരം. പ്ലാസ്റ്റിക് മുഴുവനായി കത്തിപ്പടരുന്ന സാഹചര്യമാണ് നിലവിൽ. അഞ്ച് യൂണിറ്റ് ഫയർഫോഴ്‌സ് സ്ഥലത്തെത്തിയിട്ടുണ്ടെങ്കിലും തീ നിയന്ത്രണ വിധേയമാക്കാനായിട്ടില്ല. ഫാക്ടറിക്ക് ചുറ്റും വീടുകളും മറ്റ് സ്ഥാപനങ്ങളും മരങ്ങളുമടക്കമുള്ളതിനാൽ തീ കൂടുതലായി പടരാതെ നോക്കുകയാണ് ഫയർഫോഴ്‌സ്. നിലവിൽ ഫാക്ടറി കോംപൗണ്ടിന് പുറത്തേക്ക് തീ വ്യാപിച്ചിട്ടില്ലെന്നാണ് വിവരം. മഴ അധികം ലഭിക്കാത്തതിനാൽ ചൂട് ആയി കിടന്ന പ്ലാസ്റ്റിക് മാലിന്യത്തിലേക്ക് അതിവേഗം തീ കത്തിപ്പടരുകയായിരുന്നു. തീ കനത്തതോടെ പ്രദേശത്ത് അതികഠിനമായ ചൂടും പുകയും ഉയരുകയാണ്. സംഭവം നടക്കുന്ന സമയം ഫാക്ടറിയിൽ ആളുകളില്ലാതിരുന്നതിനാൽ വൻ അപകടം ഒഴിവായി.
ഘരമാലിന്യങ്ങളും ഉള്ളതിനാൽ ഇടയ്ക്കിടെ ചെറിയ രീതിയിൽ സ്‌ഫോടകശബ്ദങ്ങൾ ഉണ്ടാകുന്നത് ആശങ്കകൾക്കിടയാക്കകയാണ്. ഇവ പൊട്ടിത്തെറിച്ച് കൂടുതൽ അപകടങ്ങൾ ഉണ്ടാകാതിരിക്കാനുള്ള മുൻകരുതലുകളും ഫയർഫോഴ്‌സ് എടുത്തിട്ടുണ്ട്. പ്രദേശത്തെ വൈദ്യുതി ബന്ധവും വിച്ഛേദിച്ചു.