'സഖാക്കളൊക്കെ സുഖമായിരിക്കുന്നല്ലോ അല്ലേ.! അപ്പോൾ എങ്ങനാ ഒരു കുഴലപ്പം എടുക്കട്ടെ...?': മാത്യു കുഴൽനാടന്‍
മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ മാസപ്പടി വിവാദം ഉയർത്തിയ മാത്യു കുഴൽനാടനെ സഖാക്കൾ 'കുഴലപ്പം' എന്നു വിളിച്ചാണ് ആക്ഷേപിച്ചിരുന്നത്.
തിരുവനന്തപുരം: മുഖ്യമന്ത്രിക്കും സിപിഎമ്മിനുമെതിരെ പി.വി അൻവർ എംഎഎൽഎ രൂക്ഷ ആരോപണമുയർത്തിയ പശ്ചാത്തലത്തിൽ 'സഖാക്കളെ' ട്രോളി കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടൻ എംഎൽഎ. സഖാക്കളൊക്കെ സുഖമായിരിക്കുന്നല്ലോ അല്ലേ...! അപ്പോൾ എങ്ങനാ ഒരു കുഴലപ്പം എടുക്കട്ടെ...? എന്നാണ് മാത്യു കുഴൽനാടന്റെ ഫേസ്ബുക്ക് കുറിപ്പ്.
കുറിപ്പിനൊപ്പം കുഴലപ്പം കഴിക്കുന്ന സ്വന്തം ചിത്രവും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. മുഖ്യമന്ത്രിക്കും മകൾ വീണ വിജയനും എതിരെ മാസപ്പടി വിവാദം ഉയർത്തിയ മാത്യു കുഴൽനാടനെ സഖാക്കൾ 'കുഴലപ്പം' എന്നു വിളിച്ചാണ് ആക്ഷേപിച്ചിരുന്നത്. ഇതിലാണ് ഇപ്പോൾ അതേ നാണയത്തിൽ കുഴൽനാടൻ മറുപടി നൽകിയത്.
ജനങ്ങൾ മുഖ്യമന്ത്രിയെ വെറുക്കുകയാണെന്നും അദ്ദേഹം ഏകാധിപതിയായെന്നും തുടങ്ങിയ നിരവധി ആരോപണങ്ങളാണ് അന്‍വര്‍ ഉന്നയിച്ചിരുന്നത്. മുഖ്യമന്ത്രിയുടെ ഗ്രാഫ് നൂറിൽനിന്ന് താഴ്ന്ന് പൂജ്യത്തിലെത്തിയെന്നും അദ്ദേഹം തന്നെ ചതിച്ചെന്നും പറഞ്ഞ അൻവർ, പാർട്ടിക്ക് മുകളിലാണ് പിണറായിയെന്നും ആരോപിച്ചിരുന്നു. മുതിർന്ന നേതാക്കൾക്ക് പോലും അദ്ദേഹത്തോട് ഒന്നും പറയാനാവില്ലെന്നും ഈ രീതിയിലാണ് പോകുന്നതെങ്കിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അവസാനത്തെ മുഖ്യമന്ത്രിയായിരിക്കും പിണറായി വിജയനെന്നും അന്‍വര്‍ വിമര്‍ശിക്കുകയുണ്ടായി.
മുഖ്യമന്ത്രിയെ നയിക്കുന്നത് പല ഉപജാപക സംഘങ്ങളാണെന്നും മുഖ്യമന്ത്രി അറിയുന്നത് അജിത്കുമാറും ഉപജാപക സംഘങ്ങളും പി.ശശിയും പറയുന്ന കാര്യങ്ങൾ മാത്രമാണെന്നും അൻവർ പറഞ്ഞിരുന്നു. കൂടാതെ മുഖ്യമന്ത്രി എഡിജിപിയെ സംരക്ഷിക്കുന്നത് മന്ത്രിയും മരുമകനുമായ മുഹമ്മദ് റിയാസിനുവേണ്ടിയാണെന്നും മുഖ്യമന്ത്രിയെന്ന സൂര്യന്റെ വെളിച്ചം കെടുത്തിയത് റിയാസും മകൾ വീണയും ചേർന്നാണെന്നും അൻവർ ആരോപിച്ചിരുന്നു.