മാത്തൂര്‍ ഗ്രാമപഞ്ചായത്തില്‍ ഇനി മുതല്‍ 'സാര്‍', 'മാഡം' വിളികള്‍ ഇല്ല; സേവനങ്ങള്‍ ലഭിക്കാന്‍ 'അപേക്ഷ'യും വേണ്ട

ആഗസ്ത് 31 ന് ചേര്‍ന്ന ഭരണ സമിതി യോഗത്തിലാണ് സുപ്രധാനമായ തീരുമാനം

Update: 2021-09-02 05:05 GMT
Editor : Jaisy Thomas | By : Web Desk
Advertising

ചരിത്രപരമായ തീരുമാനവുമായി പാലക്കാട് ജില്ലയിലെ മാത്തൂർ പഞ്ചായത്ത് ഭരണസമിതി. പഞ്ചായത്തിൽ എത്തുന്ന പൊതുജനങ്ങൾ ഉദ്യോഗസ്ഥരെയും ജനപ്രതിനിധികളെയും സാറെന്നോ മാഡമെന്നോ വിളിക്കരുത്. പഞ്ചായത്തിൽ നിന്നും സേവനങ്ങൾ ലഭിക്കാൻ ഇനി മുതൽ അപേക്ഷിക്കേണ്ടതില്ല, പകരം അവകാശപ്പെട്ടാൽ മതി. ആഗസ്ത് 31 ന് ചേര്‍ന്ന ഭരണ സമിതി യോഗത്തിലാണ് സുപ്രധാനമായ തീരുമാനം.

മാത്തൂര്‍ പഞ്ചായത്തില്‍ നിന്നും ജനങ്ങള്‍ക്ക് ലഭിക്കേണ്ട സേവനങ്ങള്‍ ലഭിക്കുന്നതിനായി അപേക്ഷിക്കുന്നു അഭ്യര്‍ത്ഥിക്കുന്നു എന്നീ പദങ്ങള്‍ ഒഴിവാക്കുന്നതിനും ഭരണ സമിതി തീരുമാനിച്ചിട്ടുണ്ട്. അപേക്ഷിക്കുന്നതിന് പകരം പകരം അവകാശപ്പെടുന്നു/ താത്പര്യപ്പെടുന്നു എന്ന് എഴുതാവുന്നതാണ് എന്നും പഞ്ചായത്ത് അധികൃതര്‍ വ്യക്തമാക്കുന്നു. ഇത്തരത്തിലുള്ള വാക്കുകള്‍ ഉപയോഗിക്കാത്തതിന്‍റെ പേരില്‍ സേവനങ്ങള്‍ തടയപ്പെട്ടാല്‍ പൊതു ജനങ്ങള്‍ക്ക് പ്രസിഡന്‍റ് / സെക്രട്ടറി എന്നിവരോട് പരാതിപ്പെടാമെന്നും അധികൃതര്‍ വ്യക്തമാക്കി.

ജനങ്ങളുടെ സേവനങ്ങള്‍ക്കാണ് ഭരണ സമിതിയും സര്‍ക്കാര്‍ സംവിധാനങ്ങളും നില കൊളുന്നത്. അതിന് മുന്നില്‍ ജനങ്ങള്‍ അപേക്ഷിക്കുകയോ, താഴ്ന്ന് നില്‍ക്കുകയോ വേണ്ടതില്ല. അവര്‍ ലഭിക്കാനുള്ളത് ആനുകൂല്യങ്ങളല്ല അവകാശങ്ങളാണ് എന്ന് വ്യക്തമാക്കിയാണ് മാത്തൂര്‍ പഞ്ചായത്ത് ഭരണ സമിതി ഇത്തരം ഒരു തീരുമാനം കൈക്കൊണ്ടത് എന്ന് പഞ്ചായത്ത് പ്രസിഡന്‍റ് പ്രവിത മുരളീധരന്‍ പ്രതികരിച്ചു.

ബ്രിട്ടീഷ് ഭരണകാലത്തെ പദപ്രയോഗമാണ് 'സര്‍', 'മാഡം' തുടങ്ങിയ അഭിസംബോധന. സ്വാതന്ത്ര്യം കിട്ടി 75 വര്‍ഷം പിന്നിടുന്ന ഈ കാലത്ത് ഇത്തരം പദങ്ങള്‍ ഉപയോഗിക്കുന്നത് പുനപരിശോധിക്കപ്പെടേണ്ടതാണ് എന്ന ചിന്തയാണ് ഇത്തരമൊരു തീരുമാനത്തിനു പിന്നില്‍. ജനങ്ങളാണ് ജനാധിപത്യത്തിലെ പരമാധികാരി അതു കൊണ്ട് മാത്തൂര്‍ പഞ്ചായത്ത് ഇത്തരം കൊളോണിയല്‍ അഭിസംബോധനകള്‍ ഉപേക്ഷിക്കാന്‍ തയ്യാറായത്.

പഞ്ചായത്ത് ഓഫീസിലെത്തുന്ന ഏതൊരു പൗരനും പ്രസിഡന്‍റ് ഉള്‍പ്പടെയുള്ള ഭരണസമിതിയെയോ ജീവനക്കാരെയോ ഇനി സര്‍ വിളിക്കേണ്ടതില്ല. പകരം ഉപയോഗിക്കേണ്ട പദം ഔദ്യോഗിക ഭാഷ വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതു ലഭിക്കുന്നതു വരെ ഉദ്യോഗസ്ഥരുടെ തസ്തികയോ പേരോ വിളിച്ച് അഭിസംബോധന ചെയ്യാവുന്നതാണ്. ഉദ്യോഗസ്ഥരുടെ തസ്തികകളും പേരും എല്ലാ ടേബിളിലും പ്രദര്‍ശിപ്പിക്കാനുള്ള നടപടി ആരംഭിച്ചിട്ടുണ്ട്. പൊതുജനങ്ങളുടെ അറിവിലേക്ക് തീരുമാനം വ്യക്തമാക്കി ബോര്‍ഡ് പ്രദര്‍ശിപ്പിച്ചിട്ടുണ്ടെന്നും ഭരണ സമിതി വ്യക്തമാക്കുന്നു. 


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News