കേക്ക് വിവാദത്തില്‍ മേയര്‍-സുനില്‍ കുമാര്‍ പോര് കനക്കുന്നു; സുനില്‍ കുമാർ എന്തിന് സുരേന്ദ്രന്‍റെ വീട്ടില്‍പോയെന്ന് വ്യക്തമാക്കണമെന്ന് വർഗീസ്
സുരേന്ദ്രന്‍റെ വീട്ടിൽ പോയി ചായകുടിച്ച് വരാൻ സുനിൽകുമാറിനുള്ള ബന്ധം എന്താണെന്ന് മനസിലാകുന്നില്ല
തൃശൂര്‍: തൃശൂരിലെ തോൽവി ആരുടെയോ തലയിൽ കെട്ടിവയ്ക്കാനാണ് വി.എസ് സുനിൽകുമാർ ശ്രമിക്കുന്നതെന്ന് തൃശൂർ മേയർ എം.കെ വർഗീസ്. തന്നെ ബിജെപിയിൽ എത്തിക്കാനാണ് സുനിൽകുമാർ ശ്രമിക്കുന്നത്. ഇടതുപക്ഷം ഇനിയും അധികാരത്തിൽ വരണം എന്നാണ് ആഗ്രഹം. തനിക്ക് സുരേന്ദ്രനുമായി സൗഹൃദമില്ല. കേക്കുമായി വന്നതിനെ ഇത്ര വലിയ വിവാദമാക്കേണ്ട ആവശ്യമെന്തെന്നും മേയർ ചോദിച്ചു.
''ഞാന്‍ സിപിഎമ്മിലുറച്ച് നില്‍ക്കുന്ന ആളാണ്. സിപിഎമ്മിന്‍റെ കൂടെ നില്‍ക്കുന്ന എന്നെ ഇതുപോലുള്ള ബാലിശമായ കാര്യങ്ങളിലേക്ക് വലിച്ചിഴക്കുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ല. കെ.സുരേന്ദ്രൻ ആത്മാർഥമായിട്ട് വന്നതെന്നാണ് എനിക്ക് ബോധ്യപ്പെട്ടത്. സുനിൽകുമാർ പറഞ്ഞതിന്‍റെ അർഥം എനിക്ക് മനസിലാകുന്നില്ല. സുരേന്ദ്രന്‍റെ വീട്ടിൽ പോയി ചായകുടിച്ച് വരാൻ സുനിൽകുമാറിനുള്ള ബന്ധം എന്താണെന്ന് മനസിലാകുന്നില്ല. എന്തിന് സുരേന്ദ്രന്‍റെ വീട്ടിൽ പോയി എന്ന് സുനിൽകുമാർ വ്യക്തമാക്കണം.
രണ്ടു കാലിൽ മന്തുള്ള ആളാണ് ഈ വഴിക്ക് ഒരു കാലിൽ മന്തുള്ളവൻ പോകുമെന്ന് പറയുന്നത്. സുനിൽ കുമാറിന്‍റെ വീട്ടിൽ സുരേന്ദ്രനും വന്നിട്ടില്ലെന്ന് തെളിയിക്കട്ടെ. സുരേന്ദ്രന്‍റെ വീട്ടിൽ എന്തിനു പോയി എന്നും സുനിലിന്‍റെ വീട്ടിൽ സുരേന്ദ്രൻ എന്തിനു വന്നു എന്നും സുനിൽ ബോധ്യപ്പെടുത്തട്ടെ.
സുനിൽകുമാറിന് സുഹൃത്തിന്‍റെ വീട്ടിൽ പോകാമെങ്കിൽ സുഹൃത്ത് അല്ലാത്ത എന്‍റെ വീട്ടിലേക്ക് ഒരു കേക്കുമായി സുരേന്ദ്രൻ വന്നത് അത്ര വലിയ പ്രശ്നമാണോ? എനിക്ക് സുരേന്ദ്രനും ആയി ബന്ധമില്ലെന്ന് എന്‍റെ കൂടെ നടക്കുന്നതുകൊണ്ട് സിപിഐ കൗൺസിലർ സതീഷ് കുമാറിന് അറിയാം. എന്നും ജയിച്ചു കൊണ്ടിരുന്ന ആൾ തോറ്റപ്പോൾ അത് ആരുടെയെങ്കിലും തലയിൽ കെട്ടിവയ്ക്കേണ്ട എന്ന് സുനിലിന് തോന്നിയിട്ടുണ്ടാകും. സുനിൽകുമാർ അങ്ങനെ വിചാരിച്ചത് കൊണ്ട് എനിക്ക് പോകാൻ പറ്റുമോ? ഇടതുപക്ഷം ഇനിയും അധികാരത്തിൽ വരണം എന്ന് താൽപര്യപ്പെടുന്ന ആളാണ് ഞാൻ. തൃശൂരിൽ വികസനം കൊണ്ടുവരുന്നത് സുനിൽകുമാറിന് താല്പര്യമില്ല എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. അദ്ദേഹത്തിന്‍റെ കാലഘട്ടത്തിൽ ഉണ്ടായിരുന്നതല്ല ഇന്ന് തൃശൂർ, തൃശൂരിൽ വലിയ മാറ്റം വന്നു. അതിൽ അദ്ദേഹത്തിന് കണ്ണുകടിയുണ്ടെന്നും മേയര്‍ ആരോപിച്ചു.
ക്രിസ്മസിനോടനുബന്ധിച്ചുള്ള സ്നേഹ സന്ദേശയാത്രയ്ക്കിടെ ബിജെപി അധ്യക്ഷൻ കെ.സുരേന്ദ്രനിൽ നിന്ന് മേയര്‍ കേക്ക് വാങ്ങിയതാണ് വിവാദമായത്. ഇതിനെതിരെ സുനില്‍ കുമാര്‍ രംഗത്തെത്തുകയായിരുന്നു. ''കേരളത്തിൽ ഇത്രയും മേയർമാരുണ്ടായിട്ടും തൃശൂർ മേയർക്ക് മാത്രം വഴി തെറ്റി വന്നല്ല കെ.സുരേന്ദ്രൻ കേക്ക് കൊടുത്തത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർത്ഥിക്ക് സഹായകമാകുന്ന പ്രത്യക്ഷവും പരോക്ഷവുമായ നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. ചോറ് ഇവിടെയും കൂറ് അവിടെയുമാണെന്ന സ്ഥിതിയാണെന്നുമാണ്'' സുനില്‍ കുമാര്‍ പറഞ്ഞത്.