താമരശ്ശേരിയിൽ യുവാവിന്റെ വയറ്റിൽ നിന്ന് എംഡിഎംഎ കണ്ടെത്തി; വിഴുങ്ങിയത് പോലീസ് പിടിയിലായതോടെ
തിരുവനന്തപുരം മലയിൻകീഴ് എംഡിഎംഎയുമായി കാപ്പ കേസ് പ്രതി പിടിയിൽ


കോഴിക്കോട്: താമരശ്ശേരിയിൽ നിന്ന് പിടിയിലായ ഫായിസിന്റെ വയറ്റിൽ നിന്ന് എംഡിഎംഎ കണ്ടെത്തി. കോഴിക്കോട് മെഡിക്കൽ കോളജിൽ നടത്തിയ സ്കാനിങ്ങിലാണ് എംഡിഎംഎ കണ്ടെത്തിയത്. ഇന്നലെ ഭാര്യക്കും കുഞ്ഞിനുമെതിരെ വധഭീഷണി മുഴക്കിനിൽക്കെ പൊലീസ് പിടിയിലായ ഇയാൾ എംഡിഎംഎ വിഴുങ്ങുകയായിരുന്നു.
ഫായിസിനെ വിദഗ്ധമായ പരിശോധനയ്ക്ക് വിധേയമാക്കും എന്ന് പോലീസ് പറഞ്ഞു. നാലുദിവസം മുമ്പാണ് ഫായിസ് വിദേശത്ത് നിന്ന് നാട്ടിലെത്തിയത്. എംഡിഎംഎ വിഴുങ്ങി മരിച്ച ഷാനിദിന്റെ സുഹൃത്താണ് ഫായിസെന്ന് നാട്ടുകാർ പറഞ്ഞു.
അതേസമയം, സംസ്ഥാനത്ത് പൊലീസിന്റെ ലഹരിവേട്ട തുടരുന്നു. തിരുവനന്തപുരം ശ്രീകാര്യത്ത്എംഡിഎംഎ, എൽഎസ്ഡി സ്റ്റാമ്പ്, ഹാഷിഷ് ഓയിൽ, ഹൈബ്രിഡ് കഞ്ചാവ് എന്നിവ പിടികൂടി. അഞ്ചുമുക്ക് സ്വദേശി സിദ്ധാർത്ഥ് എന്നയാളാണ് എക്സൈസിൻ്റെ പിടിയിലായത്. കോഴിക്കോട് വടകരയിൽ ട്രയിനിൽ കടത്തുകയായിരുന്ന എട്ട് കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ. ഒറീസയിലെ ബഹ്‌റാംപൂരിലെ അജിത്ത് നായക്, ലക്ഷ്മൺ നായക് എന്നിവരാണ് അറസ്റ്റിലായത്. കൊല്ലത്ത് ഇന്നലെ പിടിയിലായ അനിലയിൽ നിന്ന് വീണ്ടും എംഡിഎംഎ കണ്ടെത്തി. സ്വകാര്യ ഭാഗത്ത് ഒളിപ്പിച്ച നിലയിൽ ആയിരുന്നു 40.45 ഗ്രാം എംഡിഎംഎ.
തിരുവനന്തപുരം മലയിൻകീഴ് എംഡിഎംഎയുമായി കാപ്പ കേസ് പ്രതി പിടിയിൽ. മലയിൻകീഴ് അണപ്പാട് സ്വദേശിയായ അർജുനാണ് പിടിയിലായത്. 44 ഗ്രാം എംഡിഎംഎയും കഞ്ചാവും ഇയാളിൽ നിന്ന് പിടികൂടി. വില്പന നടത്തുന്നതിനിടയിലാണ് എക്സൈസിന്റെ പിടിയിലായത്. പിടികൂടിയത് രണ്ട് ലക്ഷം രൂപ വിലവരുന്ന ലഹരി വസ്തുക്കൾ എന്ന് എക്സൈസ് വ്യക്തമാക്കി.