ഇമ്രാന്‍റെ ചികിത്സ; വിദേശത്ത് നിന്ന് മരുന്ന് എത്തിക്കുന്നതിന്‍റെ സാധ്യത വിലയിരുത്താന്‍ ഇന്ന് യോഗം

സ്പൈനൽ മസ്കുലാർ അട്രോഫി ബാധിച്ച് ചികിത്സയിൽ കഴിയുന്ന ആറ് മാസം പ്രായമുള്ള ഇമ്രാന്‍റെ ആരോഗ്യസ്ഥിതി ചർച്ച ചെയ്യാൻ ഇന്ന് മെഡിക്കൽ ബോർഡ് യോഗം ചേരും

Update: 2021-07-09 02:02 GMT
Advertising

സ്പൈനൽ മസ്കുലാർ അട്രോഫി ബാധിച്ച് ചികിത്സയിൽ കഴിയുന്ന ആറ് മാസം പ്രായമുള്ള ഇമ്രാന്‍റെ ആരോഗ്യസ്ഥിതി ചർച്ച ചെയ്യാൻ ഇന്ന് മെഡിക്കൽ ബോർഡ് യോഗം ചേരും. വെന്‍റിലേറ്ററിൽ കഴിയുന്ന കുഞ്ഞിന് വിദേശത്ത് നിന്ന് മരുന്ന് എത്തിച്ച് ചികിത്സ നടത്തുന്നതിന്‍റെ സാധ്യത വിലയിരുത്തകയാണ് പ്രധാനമായും മെഡിക്കൽ ബോർഡ് ചെയ്യുക. കുട്ടിയെ ചികിത്സിക്കുന്ന ഡോക്ടർ, ഐ.എം.സി.എച്ച് സൂപ്രണ്ട് ഉൾപ്പെടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നുള്ള നാല് ഡോക്ടർമാരും തിരുവനന്തപുരം മെഡിക്കൽ കോളേജിലെ രണ്ട് ഡോക്ടർമാരും ഉൾപ്പെടെ ആറംഗ മെഡിക്കൽ ബോർഡാണ് രൂപീകരിച്ചിരിക്കുന്നത്.

കോഴിക്കോട് മെഡിക്കൽ കോളജിൽ വെൻറിലേറ്ററിൽ കഴിയുന്ന ഇമ്രാനെ പരിശോധിക്കാൻ ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് കഴിഞ്ഞ ദിവസം മെഡിക്കൽ ബോർഡ് രൂപീകരിച്ചത്. കുഞ്ഞിൻറെ ചികിത്സക്കായി ക്രൗഡ് ഫണ്ടിംഗ് തുടരാൻ കോടതി നിർദേശവുമുണ്ടായിരുന്നു. മലപ്പുറം പെരിന്തൽമണ്ണ സ്വദേശി ആരിഫിന്‍റെ മകനാണ് ഇമ്രാന്‍. ലോകത്തിലെ ഏറ്റവും വിലകൂടിയ ജീവൻരക്ഷാ മരുന്നാണ് ഇമ്രാന്‍റെ രോഗത്തിന് ആവശ്യമായി വരുന്നത്. ആറു മാസം മാത്രം പ്രായമുള്ള ഇമ്രാന്‍റെ മരുന്നിന് 18 കോടി രൂപയാണ് ചെലവ്. കഴിഞ്ഞ മൂന്നു മാസമായി വേദന തിന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലെ മാതൃ ശിശു സംരക്ഷണ കേന്ദ്രത്തിൽ ഒന്ന് ഇളകാൻ പോലുമാകാതെ വെന്‍റിലേറ്ററിലാണ് ഇമ്രാന്‍റെ ജീവിതം.രോഗം സങ്കീർണമാകുന്നത് ഇമ്രാന്‍റെ മരണത്തിലേക്കോ, ചലനശേഷി നഷ്ടപ്പെടുന്നതിലേക്കോ നയിക്കും. സഹായഹസ്തം നീട്ടുന്ന ഓരോരുത്തരിലും പ്രതീക്ഷയർപ്പിച്ച് കഴിയുകയാണ് ഇമ്രാന്‍റെ കുടുംബം.

Tags:    

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News